ബെംഗളൂരു: ഒല ഡ്രൈവറാണെന്ന വ്യാജേന യാത്രക്കാരിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. ബസവരാജ് എന്നയാളാണ് പിടിയിലായത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യുവതി ഒല ക്യാബ് ബുക്ക് ചെയ്തത്. വിമാനത്താവളത്തിന് പുറത്ത് കാത്ത് നിന്ന യുവതിയെ ബസവരാജ് സമീപിക്കുകയായിരുന്നു.
ഡ്രൈവർ ഒടിപി ആവശ്യപ്പെടുകയോ ഒല ആപ്പ് ഉപയോഗിക്കുകയോ ചെയ്തില്ലെങ്കിലും യുവതി കാറിൽ കയറുകയായിരുന്നു. കാറിന്റെ നമ്പറും യുവതി ശ്രദ്ധിച്ചിരുന്നില്ല. തന്റെ ആപ്പ് തകരാറിലാണെന്ന് പറഞ്ഞ് യുവതിയുടെ ആപ്പിൽ മാപ്പ് സെറ്റ് ചെയ്യാൻ ബസവരാജ് ആവശ്യപ്പെട്ടു.
യാത്ര പുരോഗമിക്കവെ, ഡ്രൈവർ അധിക നിരക്ക് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചപ്പോൾ, മറ്റൊരു കാറിൽ പോകാൻ ഡ്രൈവർ പറയുകയായിരുന്നു. ഭീഷണിയാണെന്ന് തോന്നിയ യുവതി എയർപോർട്ട് പിക്കപ്പ് സ്റ്റാൻഡിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.
ഡ്രൈവർ ഇത് അവഗണിക്കുകയും സമീപത്തെ പെട്രോൾ സ്റ്റേഷനിൽ നിർത്തി ഇന്ധനത്തിന് 500 രൂപ ആവശ്യപ്പെടുകയും ചെയ്തു. ഉടൻ തന്നെ യുവതി രാജ്യത്തെ എമർജൻസി ഹെൽപ്പ്ലൈനായ 112ൽ വിളിച്ചു. ഇതോടൊപ്പം കുടുംബാംഗത്തെ വിളിച്ച് വിവരം പറയുകയും ചെയ്തു. എയർപോർട്ട് പോലീസ് അതിവേഗം പ്രതികരിക്കുകയും 20 മിനിറ്റിനുള്ളിൽ ഡ്രൈവറെ പിടികൂടുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: