മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ സിവിആര്‍ ഹെല്‍ത്ത്കെയര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ മറവില്‍ ലക്ഷങ്ങള്‍ നിക്ഷേപം വാങ്ങി വഞ്ചിച്ച കേസ് ജില്ലാ ക്രൈംബ്രഞ്ച് ഏറ്റെടുത്തു. ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: പി. ശശികുമാര്‍ പറഞ്ഞു. 20 കേസുകളില്‍ 5 കോടിയിലധികം സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.
പരാതിയില്‍ സിവിആര്‍ ഉടമസ്ഥരായ പയ്യനെടം ചാലിയന്‍ വീട്ടില്‍ മുഹമ്മദ് റിഷാദ് (40), ഭാര്യ ഷഹാന (32), പിതാവായ അലി (62) എന്നിവരെ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ടേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. 12 ചെക്കുകേസുകളാണുള്ളത് ഇതുകൂടാതെ ‘ബഡ്സ്’ ആക്ട് പ്രകാരം 20 കേസുകള്‍ വേറെയും.
മണ്ണാര്‍ക്കാട്ടെയും സമീപ പ്രദേശങ്ങളിലെയും നിരവധി ആളുകളില്‍ നിന്നും ഒരു ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 20 കോടിയോളം രൂപ തട്ടിപ്പുനടത്തിയതാണ് പരാതി. ആശുപത്രിയിലെ മികച്ച സേവനങ്ങള്‍ ഉറപ്പു നല്‍കിയായിരുന്നു നിക്ഷേപം
സ്വീകരിച്ചത്.
മാസംതോറും ലാഭവിഹിതം നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കുറച്ചുകാലം പ്രവര്‍ത്തിച്ച ആശുപത്രി നിശ്ചലമായി. ലാഭവിഹിതവും നല്‍കാതെയായി എന്നാണ് പരാതി. പലര്‍ക്കും ഒരു രൂപ പോലും ലഭിച്ചിട്ടില്ല. ആദ്യമൊക്കെ മുടക്കിയ പണം തിരിച്ചു നല്‍കാമെന്ന് റിഷാദ് നിക്ഷേപകരോട് പറഞ്ഞിരുന്നു. എന്നാല്‍ അതും ലഭിക്കാതായപ്പോഴാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: