കൊച്ചി: വഖഫ് നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്ത് ഇതിന്റെ പേരില്‍ നടക്കുന്ന ഭൂമി കൈയേറ്റം എതിര്‍ക്കപ്പെടേണ്ടതാണെന്നും റിട്ട. ജസ്റ്റിസ് എം. രാമചന്ദ്രന്. കലൂര്‍ എ.ജെ. ഹാളില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് നിയമം സ്വതന്ത്ര ഭാരതം കണ്ട കരിനിയമങ്ങളില്‍ ഒന്നാണ്. അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ ചിന്താരഹിതമായ പ്രവര്‍ത്തിയാണ് നിയമ നിര്‍മാണത്തിന് പിന്നില്‍. മുനമ്പത്തടക്കം നടക്കുന്ന കൈയേറ്റങ്ങളെല്ലാം വഖഫിന്റെ ഈ നിയമം ഉപയോഗിച്ചു കൊണ്ടുള്ളതാണെന്നും അതുകൊണ്ടു തന്നെ ഇത് റദ്ദ് ചെയ്യണം. നിയമം എന്തെന്ന് മനസിലാക്കാതെ ഇതിനെ എതിര്‍ത്ത് നിയമസഭയില്‍ പ്രമേയം പാസാക്കിയ ഭരണപ്രതിപക്ഷ നടപടിയേയും ജസ്റ്റിസ് രാമചന്ദ്രന് വിമര്‍ശിച്ചു.
ബിജെപി ദേഷീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് വഴിവിട്ട അധികാരങ്ങള്‍ നല്‍കിയെന്നും കൈകെട്ടിയിരുന്നാല്‍ വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
വഖഫ് ആക്ടിന്റെ പേരില്‍ ഇനിയൊരു മതരാജ്യം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് സ്വാഗത പ്രസംഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി. ബാബു പറഞ്ഞു. വഖഫ് നിയമം ഭേദഗത്തി ചെയ്യണം എന്നല്ല, നിയമം റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വഖഫിന് നല്കുന്ന അധികാരം ദേവസ്വം ബോര്‍ഡിന് നല്‍കുമോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1500 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന് വഖഫ് നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് യോഗത്തില്‍ അധ്യക്ഷനായ ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കരി പറഞ്ഞു. ഇസ്ലാം ഉണ്ടാകുന്നതിനു മുന്‍പുള്ള ക്ഷേത്രത്തെ പോലും വെറുതെ വിട്ടില്ല. കൈകെട്ടിയിരുന്നാല്‍ വലിയ പ്രതിസന്ധിയിലേക്കാകും പോകുയെന്നും അദ്ദേഹം പറഞ്ഞു.
അല്‍ മതേതരത്വമാണ് നാട്ടില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ഷോണ്‍ ജോര്‍ജ്. തങ്ങളുടെ വിഭാഗത്തിന്റെ കൂടി മന്ത്രിയായ അബ്ദു റഹ്മാനെ വഖഫ് മന്ത്രി എന്നാണ് വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്കിയ ഭേദഗതിയാണ് വഖഫ് ബോര്‍ഡിനെ ഹൈക്കോടതി വിധിയെ പോലും മറികടന്ന് ഇത്തരത്തില്‍ അവകാശം ഉന്നയിക്കാന്‍ പ്രാപ്തരാക്കിയത്, ഷോണ്‍ ജോര്‍ജ് പറഞ്ഞു.
വഖഫ് നിയമത്തിനു ഇരയായത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ എ.പി. അഹമ്മദും വ്യക്തമാക്കി. വഖഫ് നിയമത്തില്‍ ഭേദഗതി മുസ്ലിങ്ങളും ആഗ്രഹിക്കുന്നതായും യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്, സാമൂഹിക പ്രവര്‍ത്തകരായ ഡോ. ആരിഫ് ഹുസൈന്, എഴുത്തുകാരന് എം.വി. ബെന്നി, സണ്‍ ഇന്ത്യ പ്രതിനിധി അഡ്വ. തോമസ് മാത്യൂ, ഹിന്ദു ഐക്യ വേദി മുഖ്യരക്ഷാധികാരികളായ പദ്ശ്രീ എം.കെ. കുഞ്ഞോല്‍ മാഷ്, കെ.പി. ശശികല ടീച്ചര്‍ എന്നിവരും സംസാരിച്ചു. കണ്‍വെന്‍ഷനില്‍ വിവിധ ഹൈന്ദവ സംഘടന നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുനമ്പത്തെ സമരത്തിന് കണ്വെന്ഷന് പിന്തുണ പ്രഖ്യാപിച്ചു.
സമാപനസഭയില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന് പ്രഭാഷണം നടത്തി. വഖഫിന്റെ കരിനിയത്തിനെതിരായുള്ള പ്രകടമായ തെളിവായി കണ്വെന്ഷന് മാറിയെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ നടത്തണം.
ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിലേക്കും ഈ സന്ദേശം എത്തിക്കണം. വഖഫ് അധിനിവേശത്തില്‍ ഇരയായ മറ്റുള്ളവരെ കൂടി കണ്ടെത്തി അവരെകൂടി ഒപ്പം ചേര്‍ത്ത് നിര്‍ത്തണം, ഈ ഭീകര നിയത്തെ അറബിക്കടലിലൊഴുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: