പാട്ന: വിഖ്യാത നാടോടി ഗായിക പദ്മഭൂഷണ്‍ ശാരദാ സിന്‍ഹ അന്തരിച്ചു. 72 വയസായിരുന്നു. ദല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം. മകന് അന്‍ഷുമാന്‍ സിന്‍ഹയാണ് വിയോഗ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഇന്നലെ രാവിലെ 9.40ന് പാട്നയിലെത്തിച്ച ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചു.
പതിനായിരങ്ങളാണ് പ്രിയ ഗായികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. സംസ്കാരകര്‍മ്മങ്ങള്‍ ഇന്ന് നടക്കും.
ബിഹാറിലെ സുപോള്‍ ജില്ലയിലെ ഹുലാസ് ഗ്രാമത്തില്‍ ജനിച്ച ശാരദ സിന്‍ഹ നാടോടി ഗാനങ്ങള്‍ക്ക് സ്വരമാധുരിയിലൂടെ പുതിയ മാനങ്ങള്‍ പകര്‍ന്ന ഗായികയാണ്. ബിഹാര്‍ കോകില എന്നാണ് ശാരദ അറിയപ്പെട്ടിരുന്നത്.
ആറ് വര്‍ഷമായി രക്താര്‍ബുദത്തിന്റെ പിടിയിലായിരുന്നു. ഒക്ടോബര്‍ 26ന് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷനേതാവ് രാഹുല്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ശാരദാ സിന്‍ഹയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഭോജ്പുരിയിലും മൈഥിലിയിലും നിറഞ്ഞുനിന്ന ശാരദ സിന്‍ഹയുടെ സ്വരമാധുരി കാലങ്ങളെ അതിജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: