സോൾ: യുഎന്‍ ഉപരോധങ്ങള്‍ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഉത്തരകൊറിയ രണ്ടാമതും മിസൈൽ വിക്ഷേപണം നടത്തിയത്. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്ത് നിന്ന് ദക്ഷിണ കൊറിയയുടെ കിഴക്കന്‍ കടലിലേക്കാണ് മിസൈല്‍ തൊടുത്തുവിട്ടത്. ടോക്കിയോയും വിക്ഷേപണം സ്ഥിരീകരിച്ചു.
യുഎന്‍ രക്ഷാസമിതി പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണു പരീക്ഷണമെന്ന് യുഎസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസവും ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. ദൂരപരിധി ഏറ്റവും കൂടിയ മിസൈലാണ് തൊടുത്തുവിട്ടത്. കുത്തനെ മേലോട്ടു വിട്ട മിസൈല്‍ 86 മിനിറ്റുകൊണ്ട് 7,000 കിലോമീറ്റര്‍ ഉയരത്തിലെത്തി. ചരിച്ചുവിട്ടാല്‍ ഈ മിസൈലിന് ഇതിന്റെ പലമടങ്ങ് ദൂരം സഞ്ചരിക്കാനാകും. ശത്രുവിനു നേര്‍ക്ക് ആയുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നു വ്യക്തമാക്കുന്നതാണു പരീക്ഷണമെന്ന് വിക്ഷേപണത്തിന് പിന്നാലെ ഉത്തരകൊറിയന്‍ നേതാവ് കിം ജോംങ് ഉന്‍ പറഞ്ഞു.
വ്യാഴാഴ്ച ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി വിളിച്ചു ചേർത്ത യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ ആണവായുധ പദ്ധതിക്ക് ഞങ്ങൾ വേഗം കൂട്ടുന്നുവെന്നാണ് യുഎന്നിലെ ഉത്തരകൊറിയയുടെ അംബാസിഡറായ കിം സോങ് നിലപാട് അ റിയിച്ചത്.
നേരത്തെ ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി യു.എസും യുക്രെയ്നും രംഗത്തെത്തിയിരുന്നു. റഷ്യയുടെ കുർസ്ക് മേഖലയിൽ 8,000 സൈനികരെ വിന്യസിച്ചതിലാണ് നടപടി. റഷ്യൻ സൈന്യത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് ഉത്തരകൊറിയ സൈനികരെ ഇറക്കിയത്. ഇതിലാണ് യു.എസിന്റെ മുന്നറിയിപ്പ്.
അതേസമയം ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണത്തിന് മറുപടിയായി കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക എന്നിവർ സംയുക്ത വ്യോമാഭ്യാസം നടത്തിയിരുന്നു. യുഎസിന്റെ ബി 1ബി ബോംബർ, ദക്ഷിണ കൊറിയയുടെ എഫ് 15കെ, കെഎഫ് 16 യുദ്ധവിമാനങ്ങൾ, ജപ്പാന്റെ എഫ് 2 ജെറ്റുകൾ എന്നിവ വ്യോമാഭ്യാസ പ്രകടനങ്ങളുടെ ഭാഗമായി. സംയുക്ത വ്യോമാഭ്യാസം ശത്രുവിന്റെ ആക്രമണ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നതെന്നായിരുന്നു കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: