റാഞ്ചി : ബിജെപി അധികാരത്തിലെത്തിയാൽ ജാർഖണ്ഡിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റത്തിന് അന്ത്യം കുറിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ചൈബാസയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെഎംഎം ഭരണ സഖ്യം അനധികൃത കുടിയേറ്റക്കാരെ സംസ്ഥാനത്ത് താമസിക്കാൻ അനുവദിക്കുന്നുവെന്ന് ആരോപിച്ചു കൊണ്ടാണ് മോദി ഗോത്രവർഗ സംസ്ഥാനത്ത് തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ബംഗ്ലാദേശി കുടിയേറ്റക്കാർ സംസ്ഥാനത്ത് സ്ഥിരതാമസമാക്കുന്നതിനാൽ സംസ്ഥാനത്തെ ഗോത്ര സമൂഹങ്ങൾ ഏറെ ഭയപ്പാടിലാണ് കഴിയുന്നത്. എന്നാൽ ജാർഖണ്ഡിൽ തങ്ങളുടെ സർക്കാർ അധികാരത്തിൽ എത്തിയാൽ അനധികൃത കുടിയേറ്റം തടയാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വാഗ്ദാനം നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ ആദിവാസി പെൺകുട്ടികളുടെ പേരിൽ കുടിയേറ്റക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരികെ നൽകാൻ തങ്ങൾ പുതിയ നിയമം കൊണ്ടുവരുമെന്നും റാലിയിൽ മോദി പറഞ്ഞു. ഇതിനു പുറമെ ആദിവാസികൾക്കുള്ള സംവരണം അവസാനിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.
ഗോത്രവർഗക്കാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെയും യുവാക്കളുടെയും ക്ഷേമത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. ബിജെപിയുടെ പ്രകടനപത്രികയിലെ പുതിയ പദ്ധതിയായ ഗോഗോ ദീദി പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ നൽകുമെന്നതിനെയും യുവാക്കൾക്ക് 2,000 രൂപ തൊഴിലില്ലായ്മ വേതനം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന ‘യുവ സതി ഭട്ട’ പദ്ധതിയെയും പ്രധാനമന്ത്രി മോദി പ്രശംസിച്ചു.
ഇതിനു പുറമെ ഗോത്ര വർഗക്കാർക്കുവേണ്ടിയുള്ള തന്റെ സർക്കാരിന്റെ പരിപാടികളും ആദിവാസികളെ ഉയർത്തിക്കാട്ടുന്നതിനുള്ള പ്രവർത്തനങ്ങളും മോദി എടുത്തുപറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ ഗോത്രവർഗം ഏറെ പ്രധാനമായതിനാൽ അവരുടെ വ്യക്തിത്വം വിളിച്ചറിയിക്കുന്നതിൽ ബിജെപി തുടർച്ചയായി ഊന്നൽ നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേ സമയം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്ന ബിജെപിയുടെ പ്രകടനപത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയത്. എന്നാൽ ആദിവാസികളെ അതിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തുമെന്ന് പത്രികയിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും അമിത് ഷാ സൂചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: