കൊച്ചി: ശരിയായ സാങ്കേതികവിദ്യ ശരിയായ വ്യക്തികള്‍ക്ക് ലഭ്യമാക്കിയാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കാണാനാവുമെന്ന് ഐഐടി മദ്രാസ് റിസര്‍ച്ച് പാര്‍ക്ക് ആന്‍ഡ് എന്സിഎച്ച്ടിയും ആര്2ഡി2 സിഒഒയുമായ ജസ്റ്റിന് ജേസുദാസ് പറഞ്ഞു. ടൈ കേരളയുടെ ടൈകോണ്‍ കേരള 2024മായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസിസ്റ്റഡ് ലിവിങ് ആന്‍ഡ് അസിസ്റ്റിവ് ടെക്നോളജിയുടെ ഭാവി രൂപപ്പെടുത്തലും കാഴ്ചപ്പാടും സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
രാജ്യത്തെ ജനസംഖ്യയില്‍ ഏഴു മുതല്‍ പത്ത് ശതമാനം വരെ ശാരീരികമായ വൈകല്യമുള്ളവരാണെന്നാണ് കണക്ക്. ഇത്തരം ആളുകളെ ശരിയായ രീതിയില്‍ ഉപയോഗിക്കാനാകാത്തതിനാല്‍ പ്രതിവര്‍ഷം രാജ്യത്തിന് പത്ത് ശതമാനത്തോളം ആഭ്യന്തര ഉത്പാദന വളര്‍ച്ചയാണ് നഷ്ടമാകുന്നത്.
കണ്ണട, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഉള്‍പ്പെടെ ഉപയോഗിക്കുന്നതുപോലെ വീല്‍ ചെയര്‍ ഉപയോഗത്തെയും കാണാനാവണം. ശാരീരിക വൈകല്യമുള്ളവര്‍ക്കു കൂടി പെരുമാറാന്‍ സൗകര്യപ്രദമായ രീതിയില്‍ പൊതു ഇടങ്ങള്‍ രൂപപ്പെടുത്തിയാല്‍ സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം വരുമെന്ന് അദ്ദേഹം പറഞ്ഞു. ജേക്കബ് ജോയ് അധ്യക്ഷത വഹിച്ചു.
അസിസ്റ്റഡ് ലിവിങ് കമ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിനുള്ള നൂതന മാതൃകകള്‍ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഇന്‍ക്ലുസിസ് സഹസ്ഥാപകനും ചീഫ് ഡിജിറ്റല്‍ അഡൈ്വസറുമായ റോബിന് ടോമി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, ഫൗണ്ടേഷന് ഫോര്‍ ഇന്റര്‍നാഷണല്‍ റിഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എന്‍പവര്‍മെന്റ് എക്സി. ഡയറക്ടര്‍ ഡോ. സിന്ധു വിജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏണ്‍സ്റ്റ് ആന്‍ഡ് യങ് പാര്‍ട്ണര്‍ രാജേഷ് നായര്‍ മോഡറേറ്ററായി.
വിവേക് കൃഷ്ണ ഗോവിന്ദ്, ടോം ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഡിസം. 4, 5 തീയതികളില്‍ ഗ്രാന്റ് ഹയാത്തിലാണ് ടൈകോണ്‍ കേരള 2024.
പ്രതികരിക്കാൻ ഇവിടെ എഴുതുക: