കൊച്ചി: സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ചരിത്രത്തില്‍ ഇടംനേടാന്‍ യുഎഇയില്‍ നിന്നുള്ള ആദ്യ സംഘം എത്തിയത് മേളയുടെ ഔദ്യോഗിക ഉദ്ഘാടനദിവസമായ ഇന്നലെ പുലര്‍ച്ചെ. വെളുപ്പിന് 5.50ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യു.എ.ഇയില്‍ നിന്നുള്ള ആദ്യസംഘത്തിന് ഊഷ്മളവരവേള്പ്പ് നല്കി. അവര്‍ക്ക് താമസ സൗകര്യമൊരുക്കിയ ദ്വാരക ഹോട്ടലില്‍ രാവിലെ എട്ടരയോടെ മന്ത്രി വി.ശിവന്‍കുട്ടിയും കായികമേളയുടെ മറ്റ് സംഘാടകരും ചേര്‍ന്നെത്തി ഔദ്യോഗികമായി സ്വീകരിച്ചു.
രണ്ടു സംഘങ്ങളായി 45 കുട്ടികളും നാല് അധ്യാപകരുമാണ് ഇന്നലെ എത്തിയത്. 100മീ, 800മീ, 400മീ, ലോങ്ജംപ്, ഷോട്ട് പുട്ട്, ഫുട്ബോള്‍, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍ എന്നീ ഇനങ്ങളിലാണ് ഇവര്‍ മത്സരിക്കുന്നത്. യു.എ.ഇയിലെ ആറ് എമിറേറ്റ്സിലെ സ്കൂളുകളില്‍ നടത്തിയ മത്സരത്തില്‍ വിജയിച്ചവരാണ് ഇവര്‍.
ഗള്‍ഫ്നാട്ടിലെ സി.ബി.എസ്.ഇ സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്ലസ്റ്റര്‍ മത്സരത്തില്‍ വിജയിച്ചാല്‍ ദേശീയ തലത്തില്‍ മത്സരിക്കാന്‍ അവസരം ഉണ്ട്. എന്നാല്‍ കേരള സിലബസില്‍ പഠിക്കുന്ന തങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരുഅവസരമൊരുങ്ങിയതില് തികഞ്ഞ സന്തോഷമുണ്ടെന്നും അവര്‍ അറിയിച്ചു. ദുബായി ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ കായിക അധ്യാപകന് മിസ്താര്‍, ഗള്‍ഫ് മോഡല്‍ സ്കൂള്‍ അധ്യാപകന് സുമേഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് കുട്ടികളെത്തിയത്. കര്‍ണാട സ്വദേശികളുടെ മകനായ വസീമും ഇവര്‍ക്കൊപ്പം വോളിബോള്‍ ടീമില്‍ കളിക്കാന്‍ എത്തിയ കൂട്ടത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: