മുംബൈ: മഹാരാഷ്ട്രയില്‍ ശരത് പവാറും മരുമകന് അജിത് പവാറും തമ്മില്‍ 36 ഇടങ്ങളില്‍ ഏറ്റുമുട്ടുന്നു. നിയമസഭ തെരഞ്ഞെടു്പിലെ സീറ്റുകള്‍ക്ക് വേണ്ടി എന്‍സിപിയുടെ കുടുംബത്തിനുള്ളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പോരാട്ടം കടുക്കുന്നത്.
2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ എന്‍സിപിയും, ശരത് പവാറിന്റെ എന്‍സിപിയും തമ്മില്‍ നേരിട്ട് പോരാട്ടം നടന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി അജിത് പവാര്‍ പക്ഷം നാല് സീറ്റില്‍ മത്സരിച്ചെങ്കിലും ഒന്നില്‍ മാത്രമാണ് വിജയിച്ചത്. പവാര്‍ പക്ഷം എട്ട് സീറ്റില്‍ വിജയിച്ചിരുന്നു. അന്ന് മേല്‍ക്കൈ നേടിയത് ശരത് പവാറിന്റെ എന്‍സിപിയാണ്. അതിന് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പകരം വീട്ടാനാണ് ഇക്കുറി അജിത് പവാറിന്റെ എന്‍സിപി ശ്രമിക്കുന്നത്.
അജിത് പവാര്‍ പോയിട്ടും ശരത് പവാറിന്റെ പാര്‍ട്ടിയുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്ന് തെളിഞ്ഞത് അജിത് പവാറിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ശരത് പവാര്‍ ഒപ്പമില്ലെങ്കില്‍ കരുത്തില്ല എന്ന ആരോപണം ശരിവെക്കുന്നതായിരുന്നു എന്‍സിപിയുടെ പ്രകടനം. ഒരു സീറ്റ് മാത്രമാണ് അജിത് പക്ഷത്തിന് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇത്തവണ പക്ഷേ സീറ്റുകള്‍ കൂടുതല്‍ ലഭിച്ചില്ലെങ്കില്‍ അജിത് പക്ഷത്തിന് എന്‍ഡിഎയിലുള്ള കരുത്ത് നഷ്ടമാകും.
വടക്കന്‍ മഹാരാഷ്ട്രയിലും എന്‍സിപി നേതാക്കളുടെ പോരാട്ടം ശക്തമാണ്. ഏഴ് മണ്ഡലങ്ങളിലാണ് മത്സരം. ബാരാമതിയില്‍ അജിത് പവാര്‍ സഹോദരന്റെ മകനായ യുഗേന്ദ്ര പവാറിനെതിരെയാണ് മത്സരിക്കുന്നത്. ശരത് പവാര്‍ വളര്‍ത്തിയെടുത്ത നേതാവാണ് അദ്ദേഹം.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബാരാമതി മണ്ഡലത്തില്‍ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേയുടെ വിജയത്തില്‍ യുഗേന്ദ്രയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. അന്ന് അജിത് പവാറിന്റെ ഭാര്യ സുനേത്രയാണ് അജിത് പവാര്‍ പക്ഷത്തിന്റെ സ്ഥാനാര്ത്തിയായത്. ഈ പോരാട്ടത്തില്‍ എളുപ്പത്തിലാണ് സുപ്രിയ സുലെ വിജയിച്ചത്.
ഇക്കുറി നിയമസഭയില്‍ മറാത്ത് വാഡയിലെ അഞ്ച് സീറ്റിലും, വിദര്‍ഭയിലെ നാല് സീറ്റിലും, മുംബൈയിലെ ഒരു സീറ്റിലുംശരദ് പവാര്‍ എന്‍സിപിയും അജിത് പവാര്‍ എന്‍സിപിയും തമ്മില്‍ മത്സരമുണ്ട്.
ലാര്‍ജര്‍ മുംബൈ മെട്രോപൊളിറ്റന്‍ റീജ്യന്, കൊങ്കണ്‍ എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലും അജിത് പക്ഷവും ശരത്പവാര്‍ പക്ഷവും ഏറ്റുമുട്ടും. ബാരാമതി, അംബേഗാവ്, ഇന്ദാപൂര്, കാഗല്‍, ഹദപ്സര്‍, വാദ്ഗാവ് ഷേരി, ഇസ്ലാംപൂര്, താസ്ഗാവ് കവാതെ-മഹങ്കാല്‍, ഷിരൂര്‍, ഫാല്‍ട്ടാന്‍, മൊഹോള്‍, പിംപ്രി, ജുന്നാര്‍, വായ് ആന്‍ഡ് ചാന്ദ്ഗഡ് എന്നിവയാണ് പശ്ചിമ മഹാരാഷ്ട്രയില്‍ എന്‍സിപികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മറ്റു മണ്ഡലങ്ങള്‍.
പശ്ചിമ മഹാരാഷ്ട്രയില്‍ എന്‍സിപി രൂപീകരിച്ചത് മുതല്‍ ശരത് പവാറിന് ആധിപത്യമുണ്ട്. ഇക്കുറി മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും അത് മാറില്ലെന്ന വിശ്വാസത്തിലാണ് ശരത് പവാര്‍. എന്നാല്‍ ശരത് പവാറിന്റെ ആധിപത്യത്തെ ചെറുക്കുമെന്ന് അജിത് പവാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: