ന്യൂദൽഹി : രാജ്യത്തെ മുസ്ലീങ്ങൾ പിന്നോക്കം പോയിട്ടുണ്ടെങ്കിൽ അതിന് പ്രധാന കാരണക്കാർ കോൺഗ്രസ് ആണെന്ന് കുറ്റപ്പെടുത്തി ബിജെപി രാജ്യസഭാ എംപി ഗുലാം അലി ഖത്താന. കഴിഞ്ഞ ദിവസം ദൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന “ഭരണഘടന സംരക്ഷിക്കുക” എന്ന പരിപാടിയിൽ മുസ്ലീങ്ങളുടെ സുരക്ഷയെ കുറിച്ച് മത പണ്ഡിതൻ മൗലാന അർഷാദ് മദ്നി നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങൾക്കെതിരായ അന്യായ നയങ്ങൾ കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നാണ് മൗലാന അർഷാദ് മദ്നി സമ്മേളനത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇന്ന് മുസ്ലീങ്ങൾ പിന്നിലാണെങ്കിൽ അതിന് കാരണം കോൺഗ്രസാണെന്ന് ഗുലാം അലി തിരിച്ചടിച്ചു. ഇവിടെ മുസ്ലീങ്ങൾ സുരക്ഷിതരാണെന്നും കോൺഗ്രസിന്റെ വോട്ടുകളാണ് സുരക്ഷിതമല്ലാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ മുസ്ലീങ്ങളെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്താനായി അവർ ഭയം സൃഷ്ടിക്കുന്നു. അവരെ വിദ്യാഭ്യാസമില്ലാത്തവരാക്കി നിർത്തുകയും രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്നതിൽ നിന്ന് അവരെ തടയുകയുമാണ് കോൺഗ്രസ് ചെയ്യുന്നതെന്നും ഖത്താന കുറ്റപ്പെടുത്തി.
ഇതിനു പുറമെ മുസ്ലീം സമൂഹം ഭയപ്പെടരുതെന്ന് ഖത്താന അഭ്യർത്ഥിച്ചു. കൂടാതെ ഈ രാജ്യം നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്. ആർക്കും ഭയമോ അരക്ഷിതാവസ്ഥയോ തോന്നരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: