ന്യൂദൽഹി : ഈ വർഷത്തെ ചാർധാം യാത്രയ്ക്ക് പരിസമാപ്തിയാകുന്നു. തീർത്ഥാടന കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തിക്കൊണ്ട് ചാർധാം ക്ഷേത്രങ്ങളായ ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവ അടയ്ക്കും.
ഗംഗാദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഗംഗോത്രിയാണ് ശനിയാഴ്ച ആദ്യം അടയ്ക്കുക. ഇന്ന് ഉച്ചയോടെ ഗംഗോത്രിയുടെ വാതിലുകൾ അടയ്ക്കുമെന്ന് ഗംഗോത്രി ക്ഷേത്ര കമ്മിറ്റിയുടെ സെക്രട്ടറി സുരേഷ് സെംവാൾ അറിയിച്ചു. നാളെ യമുനാ ദേവിയെ ആരാധിക്കുന്ന യമുനോത്രിയും ശിവന് സമർപ്പിച്ചിരിക്കുന്ന കേദാർനാഥും ഭായ് ദൂജ് ചടങ്ങിനോട് അനുബന്ധിച്ച് അടയ്ക്കും.
അതേ സമയം ദീപാവലിക്കും ക്ഷേത്രങ്ങൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുമായി ക്ഷേത്ര കമ്മിറ്റിയും ഭക്തരും ചേർന്ന് കേദാർനാഥ് ക്ഷേത്രം പത്ത് ക്വിൻ്റലിലധികം പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഉത്തരാഖണ്ഡിലെ മറ്റ് നിരവധി പ്രധാന ആരാധനാലയങ്ങളും ശൈത്യകാലത്തിനായി നേരത്തെ അടച്ചിരുന്നു. ഒക്ടോബർ 17-ന് രുദ്രനാഥ്, നവംബർ 4-ന് തുംഗനാഥ്, നവംബർ 20-ന് മധ്യമഹേശ്വര് കൂടാതെ കേദാർനാഥിന്റെ സംരക്ഷകനായ ഭകുന്ത ഭൈരവനാഥ് ക്ഷേത്രവും ഒക്ടോബർ 29-ന് അടച്ചു.
കഠിനമായ ശൈത്യകാലം കാരണമാണ് ഈ ആരാധനാലയങ്ങൾ ഓരോ വർഷവും ആറ് മാസത്തേക്ക് അടച്ചിടുന്നത്. ശൈത്യകാലം അവസാനിച്ചതിന് ശേഷം 2025 ഏപ്രിൽ മെയ് മാസങ്ങളിൽ വീണ്ടും ഭക്തരെ സ്വീകരിക്കാൻ ക്ഷേത്രങ്ങൾ തയ്യാറാകും.
ഇന്ത്യയിലെ പുണ്യ തീർത്ഥാടനമായ ചാർ ധാം യാത്രയിൽ പങ്കെടുക്കാൻ ഓരോ വർഷവും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: