തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സത്യസന്ധമായും നിര്‍ഭയമായും തൊഴില്‍ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ശിവജി സുദര്ശന്.
കാര്യക്ഷതയുള്ള സിവില്‍ സര്‍വീസ് സാധാരണ ജനതയുടെ അവകാശമാണ്. അതു സൃഷ്ടിക്കാന്‍ ഭരണാധികാരികള്‍ ചെയ്യേണ്ടത് സത്യസന്ധമായും നിര്‍ഭയമായും തൊഴില്‍ ചെയ്യാനും സമൂഹത്തില്‍ മാന്യമായി ജീവിക്കാനുമുള്ള സാഹചര്യമുണ്ടാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച അഞ്ചു ശതമാനം ക്ഷാമബത്തയുടെ മുന്‍കാല പ്രാബല്യം അനുവദിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മിഷനെ ഉടന്‍ നിയമിക്കുക, തൊഴിലിടങ്ങളിലെ മാനസിക പീഡനങ്ങള്‍ തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതും നിലനിര്‍ത്തേണ്ടതും ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ കടമയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴെ തട്ടില്‍ വരെ എത്തിക്കാന്‍ പ്രയത്നിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും അവരെ അവഹേളിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് നിലപാട് അംഗീകരിക്കാനാകില്ല. ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ചോദിച്ചാല്‍ പ്രതികാര നടപടികള്‍ നേരിടേണ്ടി വരുമെന്ന സ്ഥിതിയാണിന്ന്. ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കേണ്ട എന്‍ജിഒ യൂണിയന് പോലുള്ള സംഘടനകള്‍ അവരുടെ ആശയങ്ങളും സമരങ്ങളും പണയം വച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ ദാസന്മാരായി അവര്‍ മാറിയിരിക്കുന്നു അദ്ദേഹം പറഞ്ഞു.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.ഐ. അജയകുമാര്‍ അധ്യക്ഷനായിരുന്നു. ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി അജയ് കെ. നായര്‍, എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി. മനു, പിഎസ്സി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന് ആര്, പ്രസ് വര്‍ക്കേഴ്സ് സംഘ് ജനറല്‍ സെക്രട്ടറി സി.കെ. ജയപ്രസാദ്, കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ദിലീപ്കുമാര്. എം.കെ., അജിത്കുമാര്‍ പി.കെ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: