പനാജി: 2022ൽ ബിജെപിയിലേക്ക് ചേക്കേറിയ എട്ട് കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ഹർജി തള്ളി ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാദ്കർ. തന്റെ യഥാര്‍ഥ രാഷ്ട്രീയ പാര്‍ട്ടി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ലയിക്കുമ്പോള്‍ ഒരു നിയമനിര്‍മാതാവിനെ അയോഗ്യനാക്കില്ല എന്ന ന്യായവാദം ഉയര്‍ത്തിയായിരുന്നു സ്പീക്കറുടെ തീരുമാനം.
“ലളിതമായി പറഞ്ഞാൽ, തിരഞ്ഞെടുക്കപ്പെട്ട അംഗത്തിന്റെ യഥാർത്ഥ രാഷ്ട്രീയ പാർട്ടിയെ മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി ലയിപ്പിക്കുമ്പോൾ, തിരഞ്ഞെടുക്കപ്പെട്ട അംഗം ആകസ്മികമായി അയോഗ്യത നേരിടേണ്ടിവരില്ല” സ്പീക്കർ തന്റെ വിധിന്യായത്തിൽ പറഞ്ഞു.
എംഎൽഎമാരായ ദിഗംബർ കാമത്ത്, അലക്സോ സെക്വേര, സങ്കൽപ് അമോങ്കർ, മൈക്കൽ ലോബോ, ഡെലീല ലോബോ, കേദാർ നായിക്, റുഡോൾഫ് ഫെർണാണ്ടസ്, രാജേഷ് ഫല്ദേശായി എന്നിവർക്കെതിരെ മുൻ ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കറാണ് അയോഗ്യത ഹര്‍ജി നൽകിയത്. എട്ട് എംഎൽഎമാർ 2022 സെപ്റ്റംബർ 14ന് ബിജെപിയിൽ ചേർന്നതോടെ 40 അംഗ നിയമസഭയിൽ ഭരണകക്ഷിയുടെ അംഗബലം 28 ആയി ഉയർന്നു.
കോൺഗ്രസ് നിയമസഭാ കക്ഷിയില്‍നിന്ന് ബിജെപിയിൽ ലയിക്കാൻ എട്ട് നിയമസഭാംഗങ്ങൾ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യത ലയിച്ചാല്‍ ബാധകമല്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ അലക്സോ സെക്വീര സ്പീക്കറുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. സ്പീക്കർ തങ്ങളുടെ നീക്കത്തിൽ തെറ്റ് വരുത്തില്ലെന്ന് ഉറപ്പുണ്ടായിരുന്നു. “ഞങ്ങൾ നിയമം പഠിച്ചിരുന്നു, ഞങ്ങൾ തീയിൽ ചാടിയില്ല,” സെക്വീര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: