മുനമ്പം: ബിജെപി ഒഴികെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് വഖഫ് നിയമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച മുനമ്പം സ്വദേശി ജോസഫ് ബെന്നി. മുനമ്പത്ത് ഞങ്ങള്‍ താമസിക്കുന്ന ഭൂമി ഫാറൂഖ് കോളജിന്റെയാണെന്നും ഇത് ഇഷ്ടദാനമാണെന്നും 1975ല്‍ ഹൈക്കോടതി തന്നെ പറഞ്ഞിട്ടുമുണ്ട്.
1987ല്‍ ഫാറൂഖ് കോളജ് പ്രമേയം പാസാക്കി കുടികിടപ്പുകാരായ ഞങ്ങള്‍ക്ക് വസ്തുക്കള്‍ പണത്തിന് വിറ്റു. ആ പണം ഉപയോഗിച്ചാണ് അവര്‍ കോളജ് പണിതത്. അങ്ങനെ താമസിക്കുമ്പോള്‍ 2022 ജനുവരിയില്‍ കരം അടയ്ക്കാന്‍ ചെന്നപ്പോഴാണ്, കരം അടയ്ക്കാന്‍ സാധിക്കില്ലെന്ന് അറിയുന്നത്. അതിന്റെ കാരണം 95ലെ വഖഫ് നിയമമാണ്. ആ നിയമം ജനങ്ങള്‍ക്ക് പ്രശ്നം ഉണ്ടാക്കുമ്പോള്‍, മതേതരത്വത്തിന് ഭീഷണിയാകുമ്പോള്‍, സാമുദായിക സംഘര്‍ഷം ഉണ്ടാക്കുമ്പോള്‍, അത് ഭേദഗതി ചെയ്യണം. അതാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്.
ഭേദഗതി കൊണ്ടുവരുന്നതാണ് രാജ്യത്തിനും സാമുദായിക ഐക്യത്തിനും നല്ലത്. പ്രശ്മുണ്ടാവില്ലെന്നു പറയുന്ന മറ്റു പാര്‍ട്ടികളുടെ ഉറപ്പുകളില്‍ ഞങ്ങള്‍ക്ക് ഒരു വിശ്വാസവുമില്ല. ഞങ്ങള്‍ വഖഫ് മന്ത്രിയുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തി, ഇത് വഖഫ് വസ്തുവാണെന്നാണ് മന്ത്രി അപ്പോഴെല്ലാം അടിവരയിട്ടു പറഞ്ഞത്. അതിന് മാറ്റം വരുത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എംഎല്‍എയ്ക്കൊപ്പം തിരുവനന്തപുരത്ത് പോയി ചര്‍ച്ച നടത്തിയ ശേഷം വഖഫ് വസ്തുവിന് കരമടയ്ക്കാനുള്ള അനുമതിയാണ് ഞങ്ങള്‍ക്ക് അന്ന് നല്‍കിയത്. ഞങ്ങളുടെ വസ്തുവിനല്ല.
മുനമ്പം ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഞങ്ങള്‍ക്ക് നല്‍കുക, പകരം ഭൂമി സര്‍ക്കാര്‍ വഖഫിന് മറ്റെവിടെയെങ്കിലും നല്‍കുക എന്ന തരത്തിലുള്ള ഒത്തു തീര്‍പ്പിനാണ് ചര്‍ച്ചകളുണ്ടായത്. ഇതല്ലാതെ മറ്റൊരു പരിഹാരമില്ലെന്നാണ് അന്നു പറഞ്ഞത്. എത്ര വട്ടം ചര്‍ച്ച ചെയ്താലും ഈ നിലപാടുകള്‍ക്ക് മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല, ജോസഫ് ബെന്നി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: