പാലക്കാട്: നെല്‍ കര്‍ഷകര്‍ക്ക് കേന്ദ്രം നല്കുന്ന സഹായം സംസ്ഥാനം നിഷേധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
കര്‍ഷക സംരക്ഷണ സമിതി സപ്ലൈകോ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ നെല്ല് ക്വിന്റലിന് 438 രൂപ താങ്ങുവില വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ 233 രൂപ കുറയ്ക്കുകയാണ് ചെയ്തത്. കേന്ദ്രം നല്കുന്ന പണം പോലും നല്‍കാതെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു.
ആന്ധ്ര അരിലോബിയെയും മില്ലുടമകളെയും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ കര്‍ഷകരാണ് സര്‍ക്കാരിന്റെ വികലമായ നയങ്ങളുടെ ഇര. കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനാവശ്യമായ ഇടപെടലുകള്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് കെ. സുരേന്ദ്രന് ഉറപ്പു നല്കി. കേരളത്തില്‍ അരിക്ഷാമം അനുഭവപ്പെടാത്തത് കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് കൊണ്ടാണ്. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കിലും നെല്‍ കര്‍ഷകരെ ഉപദ്രവിക്കരുത്. ഏത് സമയത്താണ് വിളവെടുക്കേണ്ടത് എന്ന് അറിയാവുന്ന സപ്ലൈകോ എന്തിനാണ് സംഭരണത്തിന് കേന്ദ്രം നല്കുന്ന പണം ട്രഷറിയില്‍ വകമാറ്റി ചെലവഴിക്കുന്നത്. കര്‍ഷകര്‍ക്ക് ലോണ്‍ എടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.
പാലക്കാട് എന്‍ഡിഎയും ഇന്‍ഡി മുന്നണിയും തമ്മിലാണ് മത്സരം. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് ഇന്‍ഡി മുന്നണി സഖ്യകക്ഷികള്‍ മത്സരിക്കുന്നത്. വയനാട് ദുരിതാശ്വാസ പാക്കേജിനെ കുറിച്ച് കൃത്യമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കും. കേന്ദ്രവിഹിതമായി ലഭിച്ച 786 കോടി രൂപ എന്തു ചെയ്തുവെന്ന് പിണറായി വിജയന് വ്യക്തമാക്കണം. എല്ലാത്തിനും പിണറായി വിജയനെ പിന്തുണയ്ക്കുന്ന വി.ഡി. സതീശന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.
പി.പി. ദിവ്യയെ സംരക്ഷിച്ചത് സിപിഎം സംസ്ഥാന നേതൃത്വമാണ്. ആരാണ് ദിവ്യയ്ക്ക് നിയമസഹായം ചെയ്തത് എന്നത് ഉള്‍പ്പെടെ ഗോവിന്ദന് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: