നെഗറ്റീവ് പബ്ളിസിറ്റിക്കായാണ് അമ്പലത്തില്‍ നേതാക്കളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ വച്ചതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് വിചിത്രം തന്നെ. നെഗറ്റീവും പോസിറ്റീവും പരീക്ഷിക്കാനുള്ള വേദിയായി അമ്പലങ്ങളേയും അമ്പലപ്പറമ്പുകളേയും തെരഞ്ഞെടുക്കുന്ന ഒരു പ്രസിഡന്റ് അമ്പലങ്ങള്‍ ഭരിക്കുന്ന കാലം ശരിയായ കലികാലം തന്നെ. കലികാലത്ത് ആചാര വിരോധികള്‍ ക്ഷേത്രങ്ങള്‍ കൈയടക്കുമെന്നും വേദംപോലും വില്പനച്ചരക്കാക്കുമെന്നും പുരാണത്തില്‍ പരാമര്‍ശമുണ്ട്. പണ്ട് വിവരമുള്ളവര്‍ പലതും പഠിച്ചും അറിഞ്ഞുമാണ് ക്ഷേത്രങ്ങളും ക്ഷേത്ര പരിസരവുമൊക്കെ വിഭാവനം ചെയ്തതും സംവിധാനം ചെയ്തതും. അത് ആചാരങ്ങളെ ക്രമപ്പെടുത്താനും സംസ്കൃതിയെ സംരക്ഷിക്കാനുമായിരുന്നു. അവരൊന്നും നെഗറ്റീവായല്ല ചിന്തിച്ചത്. നെഗറ്റീവിനെ അന്വേഷിച്ചു പോയിട്ടുമില്ല. എല്ലാം പോസിറ്റീവായിരുന്നു. അതു പബ്ലിസിറ്റിക്ക് അല്ലായിരുന്നുതാനും. പോസിറ്റീവ് എനര്‍ജിയാണ് അവര്‍ ക്ഷേത്രങ്ങളില്‍ വിഭാവനം ചെയ്തത്. അതായത് ക്രിയാത്മക ഊര്‍ജം.
ക്ഷേത്രത്തിലെത്തുന്നവരിലേയ്ക്ക് അതു പ്രസരിക്കും വിധമാണ് സംവിധാനം. അതു നമ്മുടെ സംസ്കൃതിയുടെ ഭാഗമാണ്. ഊര്‍ജസ്വലരും സുമനസ്സുകളുമായവരടങ്ങിയ സമൂഹത്തെ രൂപപ്പെടുത്താനായിരുന്നു. ആ പോസിറ്റീവ് എന്ര്ജിയാണ് ആചാരനിഷേധങ്ങളെ ചെറുക്കുന്നതും. ആചാര വിരുദ്ധര്‍ക്ക് ഒരു സുപ്രഭാതത്തില്‍ വന്നു തകര്‍ക്കാന്‍ പറ്റുന്ന കാര്യമല്ല അതൊന്നും. ഇത്തരം നെഗറ്റീവ് പബ്ലിസിറ്റിയുടെ ഫലമായാണ് കഴിഞ്ഞമാസത്തെ പൂജയ്ക്ക് ശബരിമലയില്‍ ഭക്തര്‍ കൂടുതല്‍ വന്നതെന്ന കണ്ടുപിടിത്തം അതിലും വിചിത്രം. മലചവിട്ടാന്‍ വരുന്നവരെ തല്ലിയോടിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തവരതല്ലേ സന്നിധാനത്തേയ്ക്ക് ആളെക്കൂട്ടാന്‍ ശ്രമിക്കുന്നത്! ശബരിമല തീര്‍ത്ഥാടനത്തെ അലങ്കോലപ്പെടുത്താനും അലോസരപ്പെടുത്താനും കിട്ടാവുന്ന അവസരങ്ങളെല്ലാം നോക്കിയവരാണല്ലോ. സുപ്രീംകോടതി വിധിയുടെ മറവില്‍ സ്ത്രീ പ്രവേശനത്തിനെന്ന പേരില്‍ നടത്തിയ കോപ്രായങ്ങള്‍ മറക്കാറായിട്ടില്ല. സ്ത്രീകളടക്കം സമരത്തിനിറങ്ങി സര്‍ക്കാര്‍ ശ്രമത്തെ തടയേണ്ടിവന്നു. എന്നിട്ടും തൃപ്തി വരാതെ സര്‍ക്കാര്‍ ഇക്കുറി മറ്റൊരുപേരില്‍ രംഗത്തുവരുന്നതാണ് ഈയിടെ കണ്ടത്.
ആചാര നിഷേധം കമ്യൂണിസ്റ്റുകളുടെ അജണ്ടയാണല്ലോ. ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കാന്‍ സിപിഎം നേതാക്കള്‍ ഒരിക്കലും തയാറായിട്ടില്ല. അതിനവര്‍ പൂരം കലക്കും, ഫ്ളക്സ് വയ്ക്കും, കുറിതൊടുന്നതിനു കാശുവാങ്ങും, അരവണയില്‍ മായം ചേര്‍ക്കും. പൂരം കലക്കല്‍ വിഷയത്തില്‍ ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ രണ്ടു തട്ടിലാണല്ലോ. ലോകമെമ്പാടുമുള്ള മലയാളികളുടെ വികാരമാണു തൃശൂര്‍ പൂരം. അതിന് വലിപ്പച്ചെറുപ്പമോ ജാതിമത വികാരമോ ഇല്ല. അതിനെ അലങ്കോലപ്പെടുത്താനോ ഏതെങ്കിലും ചടങ്ങിന് ഭംഗം വരുത്താനോ ആരു ശ്രമിച്ചാലും ജനങ്ങള്‍ സഹിക്കില്ല. അതുതന്നെയാണ് പൂരം വെടിക്കെട്ട് അലങ്കോലമാക്കാനുള്ള ശ്രമത്തിനെതിരെ ഉയര്‍ന്നതും. പൂരം കലക്കാനുള്ള ശ്രമത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്നു പൊരുതിയത് അതിന് തെളിവാണ്. പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഒരു അലങ്കോലവും സംഭവിച്ചിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ അനുകൂലിക്കാനോ അംഗീകരിക്കാനോ ഘടകക്ഷികള്‍ പോലും തയാറായിട്ടില്ല. റവന്യൂ മന്ത്രി രാജനും തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥിയടക്കമുള്ള സിപിഐ നേതാക്കളും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതേ സമയം സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കൊപ്പംതന്നെ നില്‍ക്കുകയാണ്. ആര്‍എസ്എസുകാരാണ് പൂരം കലക്കാന്‍ ഒത്താശ ചെയ്തതെന്ന ആരോപണവും അവര്‍ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ സത്യം വ്യത്യസ്തമായിരുന്നു എന്ന് സര്‍വരും തിരിച്ചറിയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തൃശൂരില്‍ തോല്‍പ്പിക്കാനുള്ള ഗൂഢ ഉദ്ദേശത്തോടെയാണ് തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയത്. ശ്രമം ദയനീയമായി തകര്‍ന്നതോടെ പുതിയ നീക്കവുമായി രംഗത്തിറങ്ങി. സുരേഷ്ഗോപിയെ അപകീര്‍ത്തിപ്പെടുത്താനും ശ്രമവും നടത്തി. പൂരം അലങ്കോലപ്പെട്ടതില്തൃശൂര് ഈസ്റ്റ് പോലീസ് കേസ്സെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവന വിചിത്രവും ആശ്ചര്യകരവുമാണ്. അന്വേഷണത്തിന്റെ പ്രസക്തിയാണ് ഇതോടെ നഷ്ടമാകുന്നത്. മുഖ്യമന്ത്രി തന്നെയാണല്ലോ പൂരം കലങ്ങിയില്ല, അലങ്കോലപ്പെട്ടില്ല എന്ന് പറയുന്നത്. പൂരം കലങ്ങിയതിന് പിന്നിലെന്താണെന്ന് തെളിയണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നുപറയുന്നവരുണ്ട്. അതല്ല അന്വേഷണം സിബിഐയെക്കൊണ്ട് നടത്തിക്കണമെന്നാണ് സുരേഷ്ഗോപി ആവശ്യപ്പെടുന്നത്. അന്വേഷണം ആവശ്യപ്പെടാന്‍ തയ്യാറുണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ടാല്‍ ഇടതുമുന്നണിക്കത് ബൂമറാങ് ആകും. വടക്കുംനാഥന്റെ സത്യം എന്താണെന്ന് തൃശൂര്ക്കാര്ക്കറിയാം. ലക്ഷക്കണക്കിന് പൂര പ്രേമികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ് സുരേഷ്ഗോപി അങ്ങോട്ടുചെയ്തത്. അതും വിവാദമാക്കേണ്ടതില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: