ന്യൂദല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ്, സൈബര്‍ തട്ടിപ്പു കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. കുറ്റക്കാര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാനും സമിതിയോടു നിര്‍േദശിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക. മന്ത്രാലയത്തിനു കീഴിലുള്ള 14സി എന്ന സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടി.
ആറായിരത്തിലധികം ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പു പരാതികളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ആറു ലക്ഷം മൊബൈല്‍ നമ്പരുകളും 709 മൊബൈല്‍ ആപ്ലിക്കേഷനുകളും 14സി ബ്ലോക്ക് ചെയ്തു. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 3.25 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടു. രാജ്യത്തുടനീളമുള്ള ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പു കേസുകള്‍ പെട്ടെന്നു വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കീ ബാത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: