ലക്നൗ : ദീപോത്സവത്തിന് മുന്നോടിയായി അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കി. അയ്യായിരത്തോളം പോലീസുകാരെയാണ് ദീപോത്സവ് പരിപാടിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. അയോധ്യയിൽ അഡീഷണൽ എസ്പി, എസ് ഐമാർ എന്നിവർക്കൊപ്പം മറ്റ് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
നിലവിൽ 15 അഡീഷണൽ എസ്പിമാരെയും 31 ഡെപ്യൂട്ടി എസ്പിമാരെയും 65 ഇൻസ്പെക്ടർമാരെയും രാം നഗരിയിൽ വിന്യസിച്ചിട്ടുണ്ട്. അയോദ്ധ്യയെ മുഴുവൻ സുരക്ഷാ മേഖലകളായാണ് പ്രഖ്യാപിച്ചിരിക്കുന്നത് . അഡീഷണൽ എസ്പി, ഡെപ്യൂട്ടി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഓരോ സോണിലും സെക്ടറിലും സുരക്ഷാ പദ്ധതിയുടെ നോഡൽ ഓഫീസർമാരാക്കി.
260 സബ് ഇൻസ്പെക്ടർമാർ, 1025 പുരുഷ കോൺസ്റ്റബിൾമാർ, 30 വനിതാ സബ് ഇൻസ്പെക്ടർമാർ, 200 വനിതാ കോൺസ്റ്റബിൾമാർ എന്നിവരെ അയോദ്ധ്യയുടെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.മാത്രമല്ല, ആധുനിക സുരക്ഷാ സജ്ജീകരണങ്ങളോടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, ആൻ്റി സബോട്ടേജ് ടീമുകളെയും അയോധ്യയിൽ വിന്യസിച്ചിട്ടുണ്ട്. ഇൻ്റലിജൻസ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചതിന് പിന്നാലെ ദീപോത്സവ് പരിപാടി മുഴുവൻ സിസിടിവി, ഡ്രോൺ ക്യാമറകൾ വഴി നിരീക്ഷിക്കും . ഇവരെ കൂടാതെ എൻ എസ് ജി ടീമും അയോദ്ധ്യയിലുണ്ട്.
30,000 സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് 25 ലക്ഷത്തിലധികം വിളക്കുകൾ തെളിയിക്കുക. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ടീമിലെ 30 അംഗങ്ങൾ അയോദ്ധ്യയിൽ എത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: