ന്യൂദല്‍ഹി: വഖഫ് അധിനിവേശ ഭീകരതയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ണാടകയിലെ വിജയപുരയില്‍ കൃഷിഭൂമി ഒറ്റ രാത്രി കൊണ്ട് വഖഫിന്റെ പേരിലാക്കിയതിനു തെളിവുകള്‍ പുറത്ത്. കേരളത്തിലും തമിഴ്നാട്ടിലും തെലങ്കാനയിലും കര്‍ണാടകയിലും ഏക്കറുകണക്കിനു ഭൂമിക്കു മേല്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിക്കുകയും പതിനായിരങ്ങള്‍ കുടിയിറക്കു ഭീഷണി നേരിടുകയും ചെയ്യുമ്പോഴാണ് അധിനിവേശ ഭീകരത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
വിജയപുരയിലെ ഹാന്‍വോഡില്‍ കര്‍ഷകരുടെ 1,500 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിനു വിട്ടുകൊടുക്കണമെന്ന് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയതിനെതിരേ സമരം കനക്കുന്നതിനിടെയാണ് റവന്യൂ രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേരു ചേര്‍ത്തതു പുറത്തുവന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ നിയമമാകുന്നതിനു മുമ്പ് പരമാവധി ഭൂമിയുടെ രേഖകളില്‍ വഖഫിന്റെ പേരുള്‍പ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്.
മൂന്നാഴ്ചയ്ക്കിടെ വിജയപുരയിലെ 44 സ്വത്തുക്കളുടെ ഭൂമി രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേരുള്‍പ്പെടുത്തിയെന്നു കാണിക്കുന്ന റവന്യൂ രേഖകള്‍ സിഎന്‍എന്‍-ന്യൂസ് 18 ചാനല്‍ പുറത്തുവിട്ടിരുന്നു. ഇന്‍ഡി താലൂക്കിലെ നാല്പത്തൊന്നും ചടച്ചന്‍ താലൂക്കിലെ മൂന്നും വസ്തുക്കളുടെ ഉടമസ്ഥതയിലുള്ള ആര്‍ടിസിയിലാണ് വഖഫ് ബോര്‍ഡിന്റെ പേരു ചേര്‍ത്തിട്ടുള്ളത്. മുന്നറിയിപ്പൊന്നുമില്ലാതെ ഭൂരേഖകള്‍ മാറ്റിയത് കര്‍ഷകരെ വലച്ചിരിക്കുകയാണ്. കര്‍ണാടക വഖഫ് മന്ത്രി ബി.ഇസഡ്. സമീര്‍ അഹമ്മദ് ഖാന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രണ്ടു ദിവസത്തിനുള്ളിലാണ് ഈ തിരിമറി. വഖഫ് ബോര്‍ഡിന്റെ പേര് ആര്‍ടിസിയുടെ (അവകാശങ്ങള്‍, വാടക, വിളകള്‍ എന്നിവയുടെ രേഖ) കോളം 11ല്‍ ഇടംപിടിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ അറിയിപ്പൊന്നും തങ്ങള്‍ക്കു ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇതു കൂടാതെ, വിജയപുര ജില്ലയിലെ 124 സര്‍വേ നമ്പരുകളുമായി ബന്ധപ്പെട്ട് മൂന്നാഴ്ചയ്ക്കിടെ 433 കര്‍ഷകര്‍ക്കു നോട്ടീസ് ലഭിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വഖഫ് ബോര്‍ഡിന് അനുകൂലമായി ആര്‍ടിസിയില്‍ വരുത്തിയ തിരുത്തലുകള്‍ പരിശോധിക്കാനും രേഖകള്‍ മടക്കി വിളിക്കാനും മുഖ്യമന്ത്രി സിദ്ധരാമയ്യ അസിസ്റ്റന്റ് കമ്മിഷണര്‍ ആബിദ് ഗദ്യാലിനോട് ആവശ്യപ്പെട്ടു. വിജയപുര ജില്ലയിലെ തന്നെ കോല്‍ഹാറിലും ദേവരഹിപ്പരാഗിയിലും ഇത്തരത്തില്‍ സപ്തംബറില്‍ത്തന്നെ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചു കര്‍ഷകര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു.
വഖഫ് ഭേദഗതി നടപ്പാകാതിരിക്കാന്‍ ആവശ്യമെങ്കില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ ജയില്‍ നിറയ്ക്കുമെന്ന ഭീഷണിയുമായി ഓള് ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യത്ത് ആറു ലക്ഷം ഏക്കര്‍ വഖഫ് ഭൂമിയുണ്ടെന്ന് അയാള്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: