അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ചേർന്ന് മുംബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയൊരു നിക്ഷേപം കൂടി നടത്തിയിരിക്കുന്നു. നഗരത്തിന്റെ മധ്യ സബർബൻ ഭാഗത്ത് മുളുന്ത് വെസ്റ്റിൽ 24.95 കോടി രൂപയുടെ പ്രോപ്പർട്ടികളാണ് ഇരുവരും ചേർന്ന് വാങ്ങിയത്. ഇതോടെ, 2024ൽ അവരുടെ മൊത്തം റിയൽ എസ്റ്റേറ്റ് നിക്ഷേപം 100 കോടി രൂപയിലേക്ക് എത്തിയിരിക്കുകയാണ്. മുംബൈയിലെ പ്രോപ്പർട്ടി മാർക്കറ്റിലെ മേജർ പ്ലെയേഴ്സ് ആയി ഇതോടെ ഇരുവരും മാറിയിരിക്കുകയാണ്.
ഒബ്റോയ് റിയാലിറ്റിയുടെ പ്രീമിയം റെസിഡൻഷ്യൽ പ്രോജക്റ്റായ എറ്റെർണിയയിലാണ് അമിതാഭ് ബച്ചനും അഭിഷേകും 10 അപ്പാർട്ട്മെൻ്റുകൾ സ്വന്തമാക്കിയത്. പ്രോപ്പർട്ടി വിൽപ്പനയ്ക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ സ്ക്വയർ യാർഡ് ആണ് രജിസ്ട്രേഷൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റെഡി-ടു-മൂവ്-ഇൻ വാഗ്ദാനം ചെയ്യുന്ന 3 BHK (ബെഡ്റൂം- ഹാൾ- അടുക്കള), 4 BHK അപ്പാർട്ട്മെൻ്റുകൾ ഇവയിൽ പെടുന്നു. 1049 ചതുരശ്ര അടി വീതമുള്ള എട്ട് അപ്പാർട്ടുമെൻ്റുകളും 912 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് അപ്പാർട്ടുമെൻ്റുകളുമുള്ള പ്രോപ്പർട്ടിയുടെ മൊത്തം കാർപെറ്റ് ഏരിയ 10,216 ചതുരശ്ര അടിയാണ്. ഓരോ അപ്പാർട്ട്മെന്റിനും രണ്ട് കാർ പാർക്കിംഗ് ഏരിയകൾ വീതമുണ്ട്. ഈ വസ്തു ഇടപാടിന് മൊത്തം 1.5 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ബച്ചൻ ഫാമിലി അടച്ചത്.
ഇതിൽ ആറ് അപ്പാർട്ട്മെൻ്റുകൾ 14.77 കോടി രൂപയ്ക്ക് അഭിഷേക് ബച്ചൻ സ്വന്തമാക്കിയപ്പോൾ ബാക്കിയുള്ള നാല് അപ്പാർട്ട്മെൻ്റുകൾ അമിതാഭ് ബച്ചൻ 10.18 കോടി രൂപയ്ക്ക് വാങ്ങി. 2020 മുതൽ, ബച്ചൻ കുടുംബം മുംബൈയിലെ സെലിബ്രിറ്റി റിയൽ എസ്റ്റേറ്റിലെ ഒരു മുൻനിര ശക്തിയാണ്. സ്ക്വയർ യാർഡ്സ് പറയുന്നതനുസരിച്ച്, അവർ മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ ഏകദേശം 0.19 ദശലക്ഷം ചതുരശ്ര അടി വസ്തു വാങ്ങിയിട്ടുണ്ട്, മൊത്തം നിക്ഷേപ മൂല്യം 219 കോടി രൂപയാണ്.
ജുഹു, ബാന്ദ്ര, ഗോരേഗാവ് തുടങ്ങിയ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളാണ് സാധാരണ ബോളിവുഡ് സെലിബ്രിറ്റികൾ മുൻഗണന നൽകുന്ന പ്രദേശങ്ങൾ. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി മുംബൈയിലെ മുളുന്ത് വെസ്റ്റിൽ ആണ് ബച്ചൻ കുടുംബം നിക്ഷേപം നടത്തിയിരിക്കുന്നത്. അതേസമയം, അലിബാഗിലേക്കും സെലിബ്രിറ്റികൾ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നുണ്ട്. ഷാരൂഖ് ഖാൻ, മകൾ സുഹാന ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ എന്നിവർ ബീച്ച് ഡെസ്റ്റിനേഷനായ അലിബാഗിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: