തിരുവനന്തപുരം: ഖേലോ ഇന്ത്യയിലൂടെ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന വനിതാ അത്‌ലറ്റുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി കേന്ദ്ര കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ. തിരുവനന്തപുരം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റീജിയണല്‍ സെന്റര്‍ എല്‍എന്‍സിപിഇയില്‍ പുതുതായി നിര്‍മിച്ച 300 കിടക്കകളുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ഹോസ്റ്റല്‍ യുവ വനിതാ കായികതാരങ്ങളുടെ ഭാവിയിലേക്കുള്ള സുപ്രധാന നിക്ഷേപമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
2036 ല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ആവര്‍ത്തിച്ച കേന്ദ്ര മന്ത്രി ഇന്ത്യ മെഡല്‍ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടണമെന്നും പറഞ്ഞു.ഗവണ്മെന്റിന്റെ ഇച്ഛാശക്തിക്കൊപ്പം കായിക താരങ്ങളും അണിനിരക്കണം. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതിനുള്ള അവസരമാണ് ഒരുക്കി നല്‍കുന്നതെന്നും, അത് മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കായികതാരങ്ങള്‍ സ്‌പോര്‍ട്‌സിനെ ഗവണ്മെന്റ് ജോലിയിലേക്കുള്ള വഴിയായി മാത്രം കാണരുതെന്നും രാജ്യത്തിന് വേണ്ടി കളിച്ച്,മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. ഒരു വ്യക്തിയുടെ മെഡല്‍ നേട്ടം രാജ്യത്തിനാകെ ബഹുമതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മോദിയുടെ പഞ്ചപ്രാണ്‍ പ്രഖ്യാപനത്തെ കുറിച്ചും കേന്ദ്ര മന്ത്രി പരാമര്‍ശിച്ചു.
ഖേലോ ഇന്ത്യ അടിസ്ഥാന സൗകര്യ നിര്‍മാണവും വികസനവും പദ്ധതിയുടെ കീഴിലാണ് ഹോസ്റ്റല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2014 മുതല്‍, ഖേലോ ഇന്ത്യ സ്‌കീമിന് കീഴില്‍ 202 അടിസ്ഥാന സൗകര്യ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കൂടാതെ 121 പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 32.88 കോടി ചെലവില്‍ നിര്‍മ്മിച്ച മൂന്ന് നിലകളുള്ള ഹോസ്റ്റലിന്റെ ആകെ വിസ്തീര്‍ണ്ണം 7,470.60 ചതുരശ്ര മീറ്റര്‍ ആണ്. പെന്റഗണ്‍ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഹോസ്റ്റലില്‍ അഞ്ച് ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നു. ഈ നൂതന വാസ്തുവിദ്യ കൂടുതല്‍ ഇടം നല്‍കുകയും നല്ല അന്തരീക്ഷം പരിപോഷിപ്പിക്കുകയും ചെയ്യുന്നു.108 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭക്ഷണ സ്ഥലവും, സ്റ്റോറേജ് റൂമുകളും, സ്റ്റാഫ് ഡോര്‍മിറ്ററിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. താഴത്തെ നിലയില്‍ ശുചിമുറിയോട് കൂടിയ18 സ്റ്റുഡിയോ മുറികളും,വിശ്രമത്തിനായി രണ്ട് പൊതുവായ മുറികളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വാപ്‌കോസിനായിരുന്നു നിര്‍മാണ ചുമതല.
സായി ആര്‍സി എല്‍എന്‍സിപി പ്രിന്‍സിപ്പല്‍ & റീജിയണല്‍ ഹെഡ് ഡോ. ജി. കിഷോര്‍, കാമ്പസിനെ കുറിച്ചും അതിന്റെ നേട്ടങ്ങളെ കുറിച്ചും ചടങ്ങില്‍ വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി ഒളിമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലും മറ്റ് അന്താരാഷ്‌ട്ര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച കായിക താരങ്ങളെ കേന്ദ്രമന്ത്രി ആദരിച്ചു. അര്‍ജുന അവാര്‍ഡ് ജേതാക്കളായ പത്മിനി തോമസ്, എസ് ഓമനകുമാരി, ഗീതു അന്ന ജോസ്, സജി തോമസ്, വി ദിജു എന്നിവര്‍ കേന്ദ്ര മന്ത്രിയില്‍ നിന്ന് ആദരം ഏറ്റുവാങ്ങി.പദ്മശ്രീ കെ എം ബീന മോളും ചടങ്ങില്‍ പങ്കെടുത്തു. സായ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഋതു പഠിക് ചടങ്ങിന് നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: