ആലപ്പുഴ: ചുമട്ടു തൊഴിലാളികള്‍ ഉന്നയിച്ചിട്ടുള്ള മൂന്നിന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംസ്ഥാന വ്യാപകമായി ഡിസംബര്‍ അഞ്ചിന് പണിമുടക്കി തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ക്കും മുന്നിലും മാര്‍ച്ച് നടത്താനും ചുമട്ടു തൊഴിലാളി സംയുക്ത സമര സമിതി തീരുമാനിച്ചു.
1978ല്‍ രൂപീകരിച്ച ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി ഭേദഗതി ചെയ്തു തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ലേബര്‍ കമ്മീഷണരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തു അംഗീകരിച്ച കൂലി വര്‍ധന എന്‍എഫ്എസ്എയില്‍ നടപ്പാക്കുക, ബീവറേജസ് കോര്‍പറേഷനിലെ തൊഴില്‍ നിഷേധം അവസാനിപ്പിക്കുക, കൂലി ഏകീകരണത്തില്‍ കൈക്കൊണ്ട ധാരണ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പണിമുടക്ക്.
നവംബറില്‍ എറണാകുളത്ത് സംസ്ഥാന സമര പ്രഖ്യാപന കണ്വെന്ഷന് ചേരാന്‍ തീരുമാനിച്ചു. ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്മാന് ആര്. രാമുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിനീഷ് ബോയി, കെ. ജയകുമാര്‍(ബിഎംഎസ്), എ.കെ. ഹഫീസ്, വി.ആര്. പ്രതാപന് (ഐഎന്‍ടിയുസി), എന്‍. സുന്ദരം പിള്ള, സി. നാസര്‍ (സിഐടിയു), കെ.വേലു, പി.എസ്. നായിഡു (എഐടിയുസി) വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (എസ്ടിയു) എന്നിവര്‍ പങ്കെടുത്തു.
യോഗം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായി ആര്. രാമുവിനെയും ജനറല്‍ സെക്രട്ടറി ആയി എ.കെ. ഹഫീസിനെയും സെക്രട്ടറിമാരായി എന്‍. സുന്ദരം പിള്ള, ബിനീഷ് ബോയി, കെ. വേലു, വല്ലാഞ്ചിറ അബ്ദുല്‍ മജീദ് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വി. ആര്. പ്രതാപന്, പി.എസ്. നായിഡു, കെ. ജയകുമാര്‍, മാഹീന് അബുബക്കര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: