ചെന്നൈ: പോക്കറ്റ് സിഗരറ്റ് ലൈറ്ററുകളുടെ ഭാഗങ്ങളുടെ ഇറക്കുമതി നിരോധിച്ചതിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് നന്ദിയറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തീപ്പെട്ടി വ്യവസായത്തിലെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഇരുപത് രൂപയിൽ താഴെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സിഗരറ്റ് ലൈറ്ററുകൾ നിരോധിക്കുകയും സിഗരറ്റ് ലൈറ്ററുകളുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നത് പരിമിതപ്പെടുത്തുകയും ചെയ്തുകൊണ്ട് തന്റെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിച്ച കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് നന്ദി അറിയിക്കുന്നുവെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.
കൂടാതെ സുപ്രധാനമായ ഈ നീക്കം തമിഴ്നാട്ടിലെ തീപ്പെട്ടി നിർമ്മാതാക്കളെ ശക്തിപ്പെടുത്തും. ഒപ്പം ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സംരക്ഷിക്കുകയും ഹാനികരമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോക്കറ്റ് ലൈറ്ററുകളുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഒക്ടോബർ 13നാണ് വാണിജ്യ വകുപ്പ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പോക്കറ്റ് ലൈറ്ററുകൾ, ഗ്യാസ് ഇന്ധനം റീഫിൽ ചെയ്യാത്ത അല്ലെങ്കിൽ റീഫിൽ ചെയ്യാവുന്ന സിഗരറ്റ് ലൈറ്ററുകൾ എന്നിവയുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഉടനടി പ്രാബല്യത്തിൽ നിയന്ത്രിച്ചിരിക്കുന്നുവെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ (ഡിജിഎഫ്ടി) വിജ്ഞാപനത്തിൽ പറയുന്നത്.
നേരത്തെ ഇറക്കുമതി ചെയ്യുന്ന സിഗരറ്റ് ലൈറ്റർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് മുഖ്യമന്ത്രി സ്റ്റാലിൻ കത്ത് അയച്ചിരുന്നു. ഈ കത്ത് അദ്ദേഹം മറ്റൊരു പോസ്റ്റിൽ പങ്കുവെച്ചിരുന്നു.
തീപ്പെട്ടി നിർമ്മാണ വ്യവസായം തമിഴ്നാടിന്റെ തെക്കൻ മേഖലയിലെ പ്രധാന തൊഴിൽ സ്രോതസ്സാണ്. ഒരു ലക്ഷത്തിലധികം ആളുകൾക്ക് നേരിട്ട് തൊഴിൽ നൽകുന്ന പരമ്പരാഗത വ്യവസായമാണിതെന്നുമാണ് സ്റ്റാലിൻ കത്തിൽ കുറിച്ചിരുന്നത്.
കൂടാതെ പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് ലൈറ്റർ ഇറക്കുമതി ചെയ്യുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: