കൊച്ചി: വയനാട് ദുരന്തത്തില്‍ കേരളത്തിനു ലഭിക്കേണ്ട അര്‍ഹമായ കേന്ദ്രസഹായം ലഭിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതരാമന്‍. ഒരവഗണനയും കാണിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സെന്റ് തെരേസാസ് കോളജില്‍ പ്രൊഫ. കെ.വി. തോമസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം കഴിയുന്നതെല്ലാം ചെയ്തു. പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം സൈനികരെ നല്കി. യന്ത്രങ്ങള്‍ നല്കി. സംസ്ഥാന സര്‍ക്കാര്‍ പറയുന്നതുവരെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്കി, കേന്ദ്രമന്ത്രി പറഞ്ഞു.
പുത്തുമല ദുരന്തമുണ്ടായപ്പോഴും പ്രധാനമന്ത്രി നേരിട്ടെത്തി വേണ്ടതെല്ലാം ചെയ്തു. അതിലും സാമ്പത്തിക സഹായം കിട്ടിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ചെലവഴിച്ചതിന്റെ കണക്കുകള്‍ യഥാസമയം കിട്ടാത്തതിനാലാണ് ധനസഹായം പൂര്‍ണമായും നല്കാന്‍ വൈകിയത്.
വയനാട് ദുരന്തത്തിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമായി ലഭിക്കണം. ചിത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല റിപ്പോര്‍ട്ടുകള്‍, നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
കേന്ദ്രത്തില്‍നിന്നും കൂടുതല്‍ വായ്പയെടുക്കുന്നതിന് കേരളത്തിന് അനുമതി ലഭിക്കുന്നില്ലെന്ന ചോദ്യത്തിന് സുപ്രീം കോടതി അതിനു മറുപടി പറയട്ടെയെന്നായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം.
കേരളത്തില്‍ നോക്കുകൂലി ഇല്ലാതായാല്‍ വ്യവസായങ്ങള്‍ ധാരാളം വരും. ഇതിലൂടെ നിക്ഷേപം വര്‍ധിക്കും. കേരളം വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറിയെന്ന് പറയുമ്പോഴും പഠിച്ചിറങ്ങുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
യുവാക്കള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. അഞ്ച് ലക്ഷം രൂപവരെയുള്ള വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ഗ്യാരണ്ടിയില്ലാതെ ബാങ്ക് വായ്പ ലഭിക്കും. കേന്ദ്രസര്‍ക്കാരാണ് ഗ്യാരണ്ടിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കി എന്നത് വ്യാജപ്രചരമാണ്. ഉജ്ജ്വല്‍ യോജന വഴി ഇപ്പോഴും പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി നല്കുന്നുണ്ട്. കൂടാതെ പ്രധാനമന്ത്രിയുടെ നിരവധി പദ്ധതികള്‍വഴി സബ്‌സിഡി നിര്‍ധനര്‍ക്ക് നല്‍കുന്നുണ്ട്. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ നടത്തുന്ന വ്യാജപ്രചരണമാണ് ഇതിന് പിന്നിലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
പ്രൊഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ജേക്കബ് ജോര്‍ജ്, സിസ്റ്റര്‍ സരിത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: