കൊൽക്കത്ത : ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനമായ ബെലുഗ എക്സ്എൽ തിങ്കളാഴ്ച രാവിലെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. ചൈനയിലെ ടിയാൻജിൻ ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എത്തിയ വിമാനം പുലർച്ചെ 5.47നാണ് ഇവിടെ ലാൻഡ് ചെയ്തത്.
ജീവനക്കാർക്ക് വിശ്രമം, എഫ്ഡിടിഎൽ (ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിമിതികൾ), ഇന്ധനം നിറയ്ക്കൽ എന്നിവയാണ് സ്റ്റോപ്പിന്റെ ഉദ്ദേശ്യം. പിന്നീട് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് തിരികെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വക്താവ് പറഞ്ഞു.
ഒക്ടോബർ 13ന് വിമാനം കൊൽക്കത്തയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏകദേശം 24 മണിക്കൂർ വൈകിയെന്ന് എഎഐ വക്താവ് പറഞ്ഞു. നേരത്തെ ഒക്ടോബർ എട്ടിന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബെലുഗ എക്സ്എൽ ലാൻഡ് ചെയ്തിരുന്നു.
ബെലുഗ എസ്റ്റിയുടെ നവീകരിച്ചതും വലുതുമായ പതിപ്പാണ് ബെലുഗ എക്സ്എൽ. വിമാനത്തിന് 207 അടി നീളവും, 62 അടി ഉയരവും ചിറകിന്റെ വീതി 197 അടിയും 10 ഇഞ്ചും ആണ്.
അതേ സമയം കൊൽക്കത്ത എൻഎസ്സിബിഐ എയർപോർട്ട് ഏറ്റവും വലിയ എയർബസ് ചരക്ക് വിമാനമായ ബെലുഗ എക്സ്എല്ലിനെ സ്വാഗതം ചെയ്യുന്നതായി തങ്ങളുടെ എക്സിൽ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: