ചണ്ഡീഗഢ് :ഹരിയാന ബിജെപി തൂത്തുവാരിയതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ഒരൊറ്റ കാരണമേയുള്ളൂ- വോട്ടെണ്ണല്‍ മെഷീനില്‍ കൃത്രിമം കാണിച്ചു എന്നത്. പക്ഷെ രാഷ്‌ട്രീയം പഠിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് ഇതിന് പിന്നില്‍ അഞ്ച് കാരണങ്ങളുണ്ടെന്നാണ്. പത്ത് വര്‍ഷം ഭരിച്ച ഒരു സംസ്ഥാനത്ത് ഇനി ഒരു അഞ്ചു വര്‍ഷം കൂടി ഭരിയ്‌ക്കാനുള്ള ജനങ്ങളുടെ അനുമതി ലഭിയ്‌ക്കണമെങ്കില്‍ അതിന് പിന്നില്‍ ചില സൂക്ഷ്മമായ കാരണങ്ങളുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
1.ബിജെപിയുടെ ഇലക്ഷന്‍ എഞ്ചിനീയറിംഗും മൈക്രോ മാനേജ് മെന്‍റും
അതില്‍ ഒന്നാമത്തേത് ബിജെപിയുടെ ഇലക്ഷന്‍ എഞ്ചിനീയറിംഗും മൈക്രോ മാനേജ് മെന്‍റുമാണ്. ഒമ്പതര വര്‍ഷത്തോളം മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടാറിനെപ്പോലുള്ള ഒരു മുഖ്യമന്ത്രിയെ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചേക്കുമെന്ന് കണക്കുകൂട്ടി മാറ്റാന്‍ ബിജെപിയ്‌ക്കേ സാധിക്കൂ. ഹരിയാനയില്‍ ഒമ്പതര വര്‍ഷം മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പോസ്റ്റര്‍ പോലും ഉപോഗിച്ചില്ല. അദ്ദേഹത്തെ പൊതുവേദികളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തി.
2. ജാട്ട് ഇതര വോട്ടുകള്‍ക്കായി പിന്നാക്കവിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കി
ജാട്ട് സമുദായത്തിന് പ്രമുഖസ്ഥാനമുള്ള സംസ്ഥാനമാണ് ഹരിയാന. ഇവിടെ 20 ശതമാനം ജാട്ട് സമുദായക്കാരുണ്ട്. എത്രയോ ചൗട്ടാലമാരെ ഹരിയാന മുഖ്യമന്ത്രിയാക്കിയിട്ടുണ്ട്. അതിന് പകരം ബിജെപി മനോഹര്‍ ലാല്‍ ഖട്ടാറിനെ ബിജെപി സ്ഥാനത്ത് നിന്നും നീക്കി ഒരു പിന്നാക്ക വിഭാഗക്കാരനായ നയാബ് സിങ്ങ് സൈനിയെ മുഖ്യമന്ത്രിയായി അവരോധിച്ചു. ഇത് ജാട്ട് ഇതര വോട്ടുകളും പട്ടികജാതി വോട്ടുകളും ബിജെപിയ്‌ക്ക് അനുകൂലമായി കുന്നുകൂടുന്നതിന് സഹായിച്ചു. .
3. ബിജെപി ശക്തമായ സംഘടനാസംവിധാനം ഉപയോഗപ്പെടുത്തി; കോണ്‍ഗ്രസിന് അതിനായില്ല
അടിവേരുകളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്ന ബിജെപി അവരുടെ സംഘടനയന്ത്രത്തില്‍ എണ്ണയിട്ട് മുഴുവന്‍ അനുകൂലവോട്ടര്‍മാരെയും ബൂത്തുകളില്‍ എത്തിക്കുമെന്ന കാര്യം കോണ്‍ഗ്രസ് മറന്നു. പൊതുവേ ദുര്‍ബലമായ സംഘടനാസംവിധാനമുള്ള കോണ്‍ഗ്രസ് അവര്‍ക്ക് അനുകൂലരായ വോട്ടര്‍മാരെ മുഴുവന്‍ പേരെയും പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ഇത് പ്രധാനമാണെന്ന കാര്യം കോണ്‍ഗ്രസ് മറന്നു. സംഘടനാപരമായ പേശീബലം ഇല്ലാത്തതാണ് പലപ്പോഴും കോണ്‍ഗ്രസിന്റെ പ്രശ്നം. അത് പരിഹരിക്കാന്‍ നേതാക്കള്‍ ശ്രമിക്കാറുമില്ല. ഹരിയാനയിലും അത് നടന്നില്ല.
4. വിഭാഗീയതയെ മുളയിലേ നുള്ളാന്‍ കഴിഞ്ഞില്ല
സംഘടനയ്‌ക്കുള്ളിലെ വിഭാഗീയതയെ മുളയിലേ നുള്ളാന്‍ കോണ്‍ഗ്രസിന് ആയില്ല. ഭൂപീന്ദര്‍ ഹൂഡയും കുമാരി ഷെല്‍ജയും തമ്മിലുള്ള പോര് താഴേത്തട്ടുകളിലേക്ക് വരെ വ്യാപിച്ചിരുന്നു. ഇത് പല മണ്ഡലങ്ങളിലും ബിജെപിയ്‌ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാനും കോണ്‍ഗ്രസിന് കുറെ വോട്ടുകള്‍ നഷ്ടപ്പെടുന്നതിനും കാരണമായി. ഇക്കുറി ഭൂപീന്ദര്‍ ഹൂഡ കുടുതല്‍ ഏകാധിപതിയെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ മുഖവിലയ്‌ക്കെടുക്കാന്‍ പോലും ഭൂപീന്ദര്‍ ഹൂഡ തയ്യാറാകാത്തത് കോണ്‍ഗ്രസിന്റെ പ്രകടനത്തെ ബാധിച്ചെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
5. ജാട്ട് വോട്ടുകളും ദളിത് വോട്ടുകളും കോണ്‍ഗ്രസില്‍ നിന്നും ചോര്‍ന്നു
ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജാട്ട് സമുദായം പൂര്‍ണ്ണമായും കോണ്‍ഗ്രസിനോട് ചേര്‍ന്ന് നിന്നിരുന്നു. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് സംഭവിച്ചില്ല. രണ്ട് ജാട്ട് സമുദായ പാര്‍ട്ടികളായ ഐഎന്‍എല്‍ഡിയും ജെജെപിയും ഇക്കുറി വേറെ വേറെ മത്സരിച്ചു എന്ന് മാത്രമല്ല, രണ്ട് കൂട്ടരും ഓരോ ദളിത് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. ഐഎന്‍എല്‍ഡി ദളിത് പാര്‍ട്ടിയായ മായാവതിയുടെ ബിഎസ് പിയുമായി സഖ്യമുണ്ടാക്കി. ജെജെപിയാകട്ടെ ദളിത് പാര്‍ട്ടി നേതാവായ ചന്ദ്രശേഖര്‍ ആസാദുമായും കൈകോര്‍ത്തു. ഇതില്‍ ഐഎന്‍എല്‍ഡി- ബിഎസ് പി സഖ്യം ആറ് ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ജെജെപി- ചന്ദ്രശേഖര്‍ ആസാദ് സഖ്യം ഒരു ശതമാനം വോട്ടുകള്‍ നേടി. അതായത് മൊത്തം ഈ ഏഴ് ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിനെതിരായി. ഇത് ബിജെപിയ്‌ക്ക് കരുത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: