ന്യൂദൽഹി : ഒരു വ്യക്തിക്ക് തന്റെ ജീവിതം മുഴുവൻ രാജ്യതാൽപ്പര്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി എങ്ങനെ വിനിയോഗിക്കാം എന്നതിന്റെ പ്രതീകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസേവനത്തിന്റെ നീണ്ട യാത്രയെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
പ്രധാനമന്ത്രി പൊതുജീവിതത്തിൽ 23 വർഷം പൂർത്തിയാക്കിയ വേളയിലാണ് അമിത് ഷാ പ്രശംസനീയമായ വാക്കുകൾ ചൊരിഞ്ഞത്. ആദ്യം ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും രാജ്യത്തെ സേവിക്കുന്ന അദ്ദേഹത്തിന്റെ ഈ ദീർഘയാത്ര പൊതുജീവിതത്തിലുള്ളവർക്ക് ജീവനുള്ള പ്രചോദനമാണെന്ന് ഷാ പറഞ്ഞു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി തന്റെ പൊതുജീവിതത്തിൽ 23 വർഷം പൂർത്തിയാക്കുകയാണ്. 23 വർഷത്തെ പൊതുസേവനത്തിന്റെ ഈ നീണ്ട യാത്ര ഒരു വ്യക്തിക്ക് തന്റെ മുഴുവൻ ജീവിതവും ദേശീയ താൽപ്പര്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി എങ്ങനെ സമർപ്പിക്കാം എന്നതിന്റെ അതുല്യമായ സമർപ്പണത്തിന്റെ പ്രതീകമാണെന്ന് അമിത് ഷാ എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
രാഷ്ട്രീയ യാത്രയിൽ മോദിയുടെ സന്തതസഹചാരിയായിരുന്ന അമിത് ഷാ പ്രധാനമന്ത്രിയുടെ ഈ നീണ്ട പൊതുജീവിതത്തിന് സാക്ഷിയായത് ഭാഗ്യമാണെന്നും പറഞ്ഞു. കൂടാതെ പാവപ്പെട്ടവരുടെ ക്ഷേമം, രാജ്യത്തിന്റെ വികസനം, സുരക്ഷ, ഇന്ത്യയുടെ ആഗോള സ്വത്വം ശക്തിപ്പെടുത്തൽ എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങൾ ഒരേസമയം എങ്ങനെ നിർവഹിക്കാമെന്ന് മോദി കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളെ നിസാരമായി കാണുന്നതിന് പകരം സമഗ്രമായ പരിഹാരമെന്ന കാഴ്ചപ്പാടാണ് മോദി രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചതെന്നും ഷാ പറഞ്ഞു. തളരാതെ 23 വർഷമായി രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും സേവനത്തിനായി സമർപ്പിതനായ മോദിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
2001 ഒക്ടോബർ 7 നാണ് ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: