ലക്നൗ: അയോധ്യയില്‍ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീരാമജന്മഭൂമിയിലും തീരങ്ങളിലും ചൈനീസ് വിളക്കുകള്‍ക്കും അലങ്കാരവസ്തുകള്ക്കും ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് നിരോധനമേര്‍പ്പെടുത്തി.
രാമജന്മഭൂമിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ട്രസ്റ്റ് ഒരുക്കും. ചൈനീസ് വിളക്കുകള്‍ ഉള്‍പ്പെടെയുള്ള ചൈനീസ് വസ്തുക്കളൊന്നും രാമജന്മഭൂമി കാമ്പസില്‍ അനുവദിക്കില്ല,’ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
ഈ വര്‍ഷം ജനുവരി 22 ന് ക്ഷേത്രം തുറന്നതിന് ശേഷമുള്ള ആദ്യത്തെ ദീപാവലിക്ക് രാമമന്ദിറില്‍ വന്‍ ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
രാം ലല്ലയും സഹോദരന്മാരും പ്രത്യേകം രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ ധരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വസ്ത്രങ്ങള്‍ തയ്യാറാക്കാന്‍ ട്രസ്റ്റ് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയെ നിയമിച്ചിട്ടുണ്ട്.
പ്രധാന ക്ഷേത്രനിര്മ്മാണത്തോടൊപ്പം ജന്മഭൂമി പാതയും ദീപാലങ്കാരങ്ങളും വിളക്കുകളും കൊണ്ട് അലങ്കരിക്കും.
രാമജന്മഭൂമി കാമ്പസ് രണ്ട് ലക്ഷത്തോളം ദീപങ്ങള്‍ കൊണ്ട് പ്രകാശപൂരിതമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: