ഭോപാല്‍: ശ്രീരാമനും ഹിന്ദുമതത്തിനുമെതിരെ ഇന്‍സ്റ്റഗ്രാമില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിനെ തുടര്‍ന്നുള്ള കേസ് റദ്ദാക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. മുഹമ്മദ് ബിലാല്‍ എന്നയാളാണ് ശ്രീരാമനും ഹിന്ദുമതത്തിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ബിലാലിന്റെ ഹര്‍ജിയില്‍.
രണ്ട് ദിവസം മുമ്പ് ചിലര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. പിന്നാലെ അക്കൗണ്ടില്‍ അപകീര്‍ത്തികരമായ പോസ്റ്റ് അപ്ലോഡ് ചെയ്യുകയായിരുന്നുവെന്നും ബിലാല്‍ കോടതിയെ അറിയിച്ചു. എന്നാല്‍, പരാതി നല്കിയ ആളിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്ജിക്കാരന് ശ്രമിച്ചതെന്ന് ഹര്‍ജി തള്ളിയ കോടതി ചൂണ്ടിക്കാട്ടി. ബിലാല്‍ മതവികാരം വ്രണപ്പെടുത്തി. എഫ്ഐആറിലെ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നത് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് ജി.എസ്. അലുവാലിയ നിരീക്ഷിച്ചു.
അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന്റെ കാരണം പരാതിക്കാരന് ഹര്‍ജിക്കാരനോട് ചോദിച്ചിരുന്നതായി എഫ്ഐആറില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍, തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തുവെന്ന് മറുപടി പറയാതെ പരാതിക്കാരനെ വീണ്ടും കടന്നാക്രമിക്കുകയാണ് ഹര്ജിക്കാരന് ചെയ്തത്, കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: