തിരുവനന്തപുരം: സാമൂഹിക സാംസ്കാരിക കാലാവസ്ഥയെ പരിഹാസത്തില്‍ ചാലിച്ച വാഗസ്ത്രങ്ങളാല്‍ കടന്നാക്രമിക്കുകയും അതുവഴി തന്റേതായൊരു കാവ്യാപന്ഥാവ് വെട്ടിത്തെളിക്കുകയും ചെയ്ത കവി പി. നാരായണക്കുറുപ്പിന് നവതി പ്രണാമം അര്‍പ്പിച്ച് തലസ്ഥാന നഗരി. തപസ്യയുടെ ആഭിമുഖ്യത്തില്‍ ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനത്ത് നടന്ന നവതി ആഘോഷചടങ്ങില്‍ കലാ സാംസക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഹാസ്യത്തിന്റെയും സ്വയം പരിഹാസത്തിന്റെയും ആത്മ വിമര്‍ശനത്തിന്റെയും രീതികളെ വികസിപ്പിച്ചെടുത്തുകൊണ്ടും സനാതന ദാര്‍ശനിക സത്യങ്ങളെ അടിവരയിട്ടു കൊണ്ടും സമകാലിക ലോകത്തിന്റെ ഗതിഭ്രംശങ്ങളെ നിശിതമായി വിമര്‍ശിച്ചും നടത്തിയ സര്‍ഗാത്മക രചനകളിലൂടെ സഹൃദയ ലോകത്തെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്ത മഹാകവിയാണ് പി.നാരായണക്കുറുപ്പ് എന്ന് അധ്യക്ഷം വഹിച്ച തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ് പറഞ്ഞു.പാശ്ചാത്യ പൗരസ്ത്യ സാഹിത്യ ദര്‍ശനങ്ങളിലും കലാദര്‍ശനങ്ങളിലും ആര്‍ജിച്ച ആധികാരിക ജ്ഞാനം അടയാളപ്പെടുത്തുന്ന അദ്ദേഹത്തിന്റെ വിമര്‍ശന ഗ്രന്ഥങ്ങളും പരിഭാഷകളും അസാധാരണമായ ഉള്‍ക്കാഴ്ച തുറന്നുകാട്ടുന്നവയാണ് ഹരിദാസ് പറഞ്ഞു.
അങ്ങേയറ്റം ഗൗരവമര്‍ഹിക്കുന്ന വിഷയങ്ങളെപ്പോലും അതിന്റെ തീക്ഷ്ണതയൊട്ടും ചോരാതെ തന്നെ ഹാസ്യകഷായത്തില്‍ മുക്കി രൂപം മാറ്റിയവതരിപ്പിക്കുന്നതില്‍ കവി പി നാരായണക്കുറുപ്പ് കാട്ടുന്ന അന്യാദൃശമായ വൈഭവം എടുത്തു പറയേണ്ടതാണെന്ന് ആമുഖ പ്രഭാണം നടത്തിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര് സജ്ഞയന്‍ പറഞ്ഞു.
എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അദ്ദേഹത്തെ സര്‍ക്കാര്‍ അവഗണിച്ചു. രാഷ്ട്രീയ അല്പത്തരം കൊണ്ട് അര്‍ഹമായതൊന്നും സര്‍ക്കാരില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചില്ല. കലാകാരന്മാരെ ആദരിക്കുന്ന സംസ്കാരം മലയാളികള്‍ക്കില്ല. ഇത്തരം സാഹചര്യങ്ങളിലൂടെയാണ് അദ്ദേഹം കാമ്പുള്ള സര്‍ഗാത്മക രചനകള്‍ കൊണ്ടുവന്നതെന്നും മലയാളികളുടെ മനസില്‍ അത് എന്നും നിറഞ്ഞു നില്‍ക്കുമെന്നും സഞ്ജയന് കൂട്ടിച്ചേര്‍ത്തു.
സാഹിത്യ മര്‍മ്മഞ്ജനും കലാമര്‍മ്മഞജ്നുമായ കവിയായിരുന്നു പി നാരായണക്കുറുപ്പ് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കേരള സര്‍വകലാശാല ഡീന്‍ എ എം ഉണ്ണികൃഷ്ണന് പറഞ്ഞു. സാമൂഹിക സാംസ്കാരിക കാലാവസ്ഥയെ പരിഹാസത്തില്‍ ചാലിച്ച വാഗസ്ത്രങ്ങളാല്‍ കടന്നാക്രമിക്കുകയും അതുവഴി തന്റേതായൊരു കാവ്യാപന്ഥാവ് വെട്ടിത്തെളിക്കുകയും ചെയ്ത സൂക്ഷ്മ ഗ്രാഹിയായ കവി പി.നാരായണക്കുറുപ്പ്, കുഞ്ചന്‍ നമ്പ്യാരുടേയും സജ്ഞയന്റേയും പിന്തുടര്ച്ചാവകാശിയാണ്. കേരള ചരിത്രത്തില്‍ പ്രകടവും സുശക്തവുമായ സാംസ്ക്കാരിക അധീശത്വം നിലനിന്നപ്പോള്‍ അതിനെതിരെ കരുത്തുള്ള ബദല്‍ എന്ന നിലയിലാണ് തപസ്യ , ഭാരതീയ വിചാരകേന്ദ്രം തുടങ്ങിയ സംഘടനകള്‍ ഉണ്ടായത്. അതിലൂടെ വ്യക്തമായ ആശയനിലപാടുള്ള നമ്മുടെ സംസ്കൃതിയുടെ നിയമാനുത്വം ഉള്ള ഒരു പ്രതിരോധശക്തി കേരളത്തില്‍ ഉയര്‍ന്നു വന്നു. അതിന് നടുനായകത്വം വഹിച്ച ആള് എന്ന നിലയില്‍ നാരായണക്കുറുപ്പ് അടയാളപ്പെടുത്തും. എ എം ഉണ്ണികൃഷ്ണന് പറഞ്ഞു.
മുതിര്‍ന്ന ആര് എസ് എസ് പ്രചാരകന് എസ്. സേതുമാധവന് പുരസ്ക്കാരം സമ്മാനിച്ചു.. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്, മുന്‍ ജില്ലാ കലക്ടര്‍ എസ്. ശ്രീനിവാസന്, ആകാശവാണി മുന്‍ ഡയറക്ടര്‍ എസ് രാധാകൃഷ്ണന് നായര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്. തമ്പാന് , സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ചരിത്രകാരന് ഡോ ടി പി ശങ്കരന്‍കുട്ടി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സംഘടനകള്‍ ഷാള്‍ അണിയിച്ച് നാരായണക്കുറുപ്പിനെ ആദരിച്ചു. ഡോ ലക്ഷ്മി ദാസ്, ജെ എസ് അഥിന എന്നിവര്‍ അദ്ദേഹത്തിന്റെ കവിത ആലപിച്ചു.
ശാരീരിക അസ്വസ്ഥതകള്‍ അലട്ടുന്നുണ്ടെങ്കിലും സുഹൃത്തുക്കളുടെയും ശിഷ്യഗണങ്ങളുടെയും ഒപ്പം സമയം ചെലവഴിക്കാനായ സന്തോഷത്തിലായിരുന്നു പി. നാരായണക്കുറുപ്പ്. . തന്റെ കവിതയുടെ നാല് വരി ചൊല്ലി അദ്ദേഹം സന്തോഷം പങ്കുവെച്ചു. ഭാര്യ വിജയലക്ഷ്മി, മക്കള്‍ വൃന്ദ, വിവേക് നാരായണന്. മരുമക്കള്‍ ജയകുമാര്‍, അനിത, കൊച്ചുമക്കള്‍ അതുല്‍ നാരായണന്, നീലാംബരി എന്നിവരും അടുത്ത ബന്ധുക്കളും പരിപാടിയില്‍ പങ്കെടുത്തു.
തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി സുജിത്ത് ദേവാനന്ദന് സ്വാഗതവും വിപിന്‍ ചന്ദ്രന് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: