തിരുവനന്തപുരം: ട്രെയിന്‍ അപകടങ്ങള്‍ തടയുക ലക്ഷ്യമിട്ട് റെയില്‍വേ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിക്ക് വ്യാഴാഴ്ച തുടക്കം. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ രാവിലെ 10.30ന് പരിപാടിയുടെ ഉദ്ഘാടനം നടക്കും.
റെയില്‍വേ പൊലീസ് എസ് പി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, റെയില്‍വേ സംരക്ഷണ സേന ഡിവിഷണല്‍ സെക്യൂരിറ്റി ഓഫീസര്‍ തന്വി പ്രഫുല്‍ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ട്രെയിനുകള്‍ക്കുനേരെ ഉണ്ടാകുന്ന കല്ലേറ്, റെയില്‍പ്പാളങ്ങളില്‍ കല്ലുകളും മറ്റും വച്ച് സൃഷ്ടിക്കുന്ന അപകടങ്ങള്‍, റെയില്‍വേ ലൈന്‍ മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടങ്ങള്‍ എന്നിവയ്ക്കെതിരെ ബോധവത്കരണം നടത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന പ്രത്യാഘാതങ്ങള്‍ ജനങ്ങളെ അറിയിക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
ഈ മാസം ഏഴുവരെ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ നടക്കും. ക്ലാസുകള്‍, നാടകപ്രദര്‍ശനം, ഗാനം, പോസ്റ്റര്‍ വിതരണം ചെയ്യല്‍ എന്നിവ ഉണ്ടാകും. റെയില്‍ പാതകള്‍ക്ക് സമീപമുള്ള സ്കൂളുകള്‍, ട്രെയിന്‍ തട്ടി അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട്സ്പോട്ട് മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാകും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: