ന്യൂയോര്ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിൽ സാങ്കേതികവിദ്യ വ്യവസായ പ്രമുഖരുമായി സംവദിച്ചു. മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), സ്കൂൾ ഓഫ് എൻജിനിയറിങ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന വട്ടമേശ സമ്മേളനത്തിലായിരുന്നു ആശയവിനിമയം. നിർമിതബുദ്ധിയും ക്വാണ്ടവും; ജൈവസാങ്കേതികവിദ്യയും ജീവിതശാസ്ത്രവും; കമ്പ്യൂട്ടിങ്ങും ഐടിയും ആശയവിനിമയവും; സെമികണ്ടക്ടർ സാങ്കേതികവിദ്യ എന്നിവയിൽ സംവാദം ശ്രദ്ധ കേന്ദ്രീകരിച്ചു.
ആഗോളതലത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയെക്കുറിച്ചും ഈ അത്യാധുനിക സാങ്കേതികവിദ്യകൾ ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിന് എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിനെക്കുറിച്ചും സിഇഒമാർ പ്രധാനമന്ത്രിയുമായി ആഴത്തിൽ ചർച്ച ചെയ്തു. ആഗോള സമ്പദ്വ്യവസ്ഥയിലും മാനവവികസനത്തിലും വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ള നൂതനാശയങ്ങൾക്കായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും അവർ പരാമർശിച്ചു.
സാങ്കേതിക രംഗത്തെ പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള എംഐടി സ്കൂൾ ഓഫ് എൻജിനിയറിങ്ങിന്റെയും ഡീനിന്റെയും ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ കാതലാണ് സാങ്കേതികസഹകരണമെന്നും, നിർണായകവും വളന്നുവരുന്നതുമായ സാങ്കേതികവിദ്യകൾക്കായുള്ള സംരംഭം [ICET] പോലുള്ള ശ്രമങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ മൂന്നാം കാലയളവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാൻ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണത്തിനും നവീകരണത്തിനുമായി ഇന്ത്യയുടെ വളർച്ചയുടെ ഗാഥ പ്രയോജനപ്പെടുത്താൻ അദ്ദേഹം കമ്പനികളെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തികവും സാങ്കേതികവുമായ വളർച്ചയിൽ നിന്നുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തി ലോകത്തിനുവേണ്ടി ഇന്ത്യയിൽ സഹ-വികസനം, സഹ-രൂപകൽപ്പന, സഹ-നിർമാണം എന്നിവ നടത്താൻ അവർക്കു കഴിയും. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനും സാങ്കേതിക നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധതയെക്കുറിച്ച് അദ്ദേഹം വ്യാവസായിക നേതാക്കൾക്ക് ഉറപ്പു നൽകി.
ഇന്ത്യയിൽ, പ്രത്യേകിച്ച് ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ ഉൽപ്പാദനം, സെമികണ്ടക്ടർ, ബയോടെക്, ഹരിത വികസനം എന്നിവയിൽ, സംഭവിക്കുന്ന സാമ്പത്തിക പരിവർത്തനം, പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയെ സെമികണ്ടക്ടർ നിർമണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റാൻ തന്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ബയോടെക് ശക്തികേന്ദ്രമാക്കി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ബയോ ഇ-3 നയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നിർമിതബുദ്ധിയെക്കുറിച്ചു പറഞ്ഞ അദ്ദേഹം, ധാർമികവും ഉത്തരവാദിത്വപൂർണവുമായ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കുമായി നിർമിതബുദ്ധി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ നയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുമായി നിക്ഷേപം നടത്താനും സഹകരിക്കാനും സിഇഒമാർ ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചു. നൂതനാശയ-സൗഹൃദ നയങ്ങളാലും അഭിവൃദ്ധി പ്രാപിക്കുന്ന വിപണി അവസരങ്ങളാലും നയിക്കപ്പെടുന്ന ആഗോള സാങ്കേതിക കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം, സാങ്കേതിക പ്രമുഖരിൽനിന്നു വളരെയധികം പ്രശംസ നേടി. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നത് ഇന്ത്യയിൽ പുതിയ സാങ്കേതികവിദ്യകൾ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കൂട്ടായ അവസരമായിരിക്കുമെന്നും അവർ വിലയിരുത്തി.
വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഇന്നൊവേഷൻ ആൻഡ് സ്ട്രാറ്റജി ഓഫീസറും എംഐടി സ്കൂൾ ഓഫ് എൻജിനിയറിങ് ഡീനുമായ എംഐടി പ്രൊഫസർ അനന്ത ചന്ദ്രകാസൻ, സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിലും ആഗോള നന്മയ്ക്കായി അത് പ്രാപ്യമാക്കുന്നതിലും എംഐടിയുടെ പ്രതിബദ്ധത സ്ഥിരീകരിക്കുകയും പ്രധാനമന്ത്രിക്കും സിഇഒമാർക്കും നന്ദി പറയുകയും ചെയ്തു.
വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത സിഇഒമാരുടെ പട്ടിക:
1ആക്സഞ്ചർ, ജൂലി സ്വീറ്റ്,
2അഡോബ് ,ശാന്തനു നാരായൺ,
3എഎംഡി, ലിസ സു,
4ബയോജൻ Inc., ക്രിസ് വീബാച്ചർ,
5ബ്രിസ്റ്റോൾ മിയേഴ്സ് സ്ക്വിബ്, ക്രിസ് ബോയണർ, സിഇഒ
6എലി ലില്ലി ആൻഡ് കമ്പനി, ഡേവിഡ് എ. റിക്സ്, സിഇഒ
7ഗൂഗിൾ, സുന്ദർ പിച്ചൈ, സിഇഒ
8എച്ച്പി Inc. ,എൻറിക് ലോറസ്, സിഇഒ & പ്രസിഡന്റ്
9ഐബിഎം, അരവിന്ദ് കൃഷ്ണ, സിഇഒ
10എൽഎഎം റിസർച്ച്, ടിം ആർച്ചർ, സിഇഒ
11മോഡേണ, ഡോ. നൗബർ അഫെയാൻ, ചെയർമാൻ
12വെറൈസൺ,ഹാൻസ് വെസ്റ്റ്ബെർഗ്, ചെയർമാൻ & സിഇഒ
13ഗ്ലോബൽ ഫൗണ്ടറീസ്,തോമസ് കാൾഫീൽഡ്, സിഇഒ
14NVIDIA ,ജെൻസൻ ഹുവാങ്, സ്ഥാപകൻ, പ്രസിഡന്റ് & സിഇഒ
15കിൻഡ്രിൽ, മാർട്ടിൻ ഷ്രോറ്റർ, സിഇഒ
പ്രതികരിക്കാൻ ഇവിടെ എഴുതുക: