കണ്ണൂര്‍: പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുളള ഷോപ്രിക്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ. കഴിഞ്ഞ രാത്രി 11 മണിയോടെയാണ് അഗ്നിബാധയുണ്ടായത്.
ഫ്രിഡ്ജ് ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുകള്‍നിലയിലാണ് അഗ്നിബാധ ഉണ്ടായത്.
പയ്യന്നൂരില്‍ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചത്. ആളിപ്പടരുന്ന തീ നിയന്ത്രണ വിധേയമാക്കുക ദുഷ്കരമായതിനാല് പെരിങ്ങോം, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ യൂണിറ്റുകളെക്കൂടി വിളിച്ചുവരുത്തി.
കഠിനമായ ചൂടും പുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു.ഒടുവില്‍ റോഡരികില്‍നിന്ന് മുകള്‍ നിലയിലേക്ക് ഏണിവെച്ച് കയറി മുന്‍ ഭാഗത്തെ ഗ്ലാസ് തകര്‍ത്ത് അതിലൂടെ വെള്ളം ചീറ്റിയാണ് തീകെടുത്താനുള്ള ശ്രമമാരംഭിച്ചത്. അതേസമയം മറ്റൊരു സംഘം അകത്തു കൂടിയും മുകളിലെത്തി തീകെടുത്താനാരംഭിച്ചിരുന്നു.
കടുത്ത ചൂടില്‍ ഫ്രിഡ്ജുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. അപകടസാധ്യത കണക്കിലെടുത്ത് കെഎസ്ഇബി അധികൃതര്‍ ഫീഡര്‍ ഓഫ് ചെയ്യുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൂര്‍ണമായും തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: