മലബാറിന്റെ പാട്ടുണര്ത്തും വില്ലിന്റെ ഓണത്താളം കേള്‍ക്കുന്നത് ഇവിടെയാണ്, മലപ്പുറത്ത്. വേരറ്റെന്നു കരുതിയ ഓണവില്ലും അതിന്റെ താളപ്പെരുക്കവും ഇപ്പോഴും തനിമ ചോരാതെ സംരക്ഷിച്ചുപോരുകയാണ് മലപ്പുറം ജില്ലയില്‍ കോട്ടക്കലിലെ കോട്ടൂര്‍ ഗ്രാമത്തിലുള്ള തെക്കേപുരക്കല്‍ കുട്ടിയാത്ത. തനിക്ക് പരമ്പരാഗതമായി ലഭിച്ച കല ഇവര്‍ ഇപ്പോഴും നിലനിര്‍ത്തുന്നു. ഇപ്പോള്‍ ഓണവില്ല് നിര്‍മാണത്തിനും അത് വായിക്കുന്നതിനുള്ള പരിശീലനത്തിനും നേതൃത്വം നല്‍കുന്നത് കുട്ടിയാത്തയുടെ മകന് മധുവാണ്. ഓണക്കാലത്ത് ഓണവില്ല് തേടി നിരവധി പേര് കോട്ടയ്ക്കലില്‍ എത്തുന്നു. പഴമയോടുള്ള താത്പര്യം കൊണ്ട് ഒരു കരകൗശല വസ്തുവെന്ന നിലയില്‍ വില്ല് വാങ്ങുന്നവരാണ് ആവശ്യക്കാരിലേറെയും. അവര്‍ക്ക് ഓണവില്ല് നിര്‍മിച്ചു നല്‍കുകയും അത് വായിക്കാനുള്ള പരിശീലനവും മധു നല്‍കും.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഓണവില്ലുകള്‍ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില്‍ മലബാറിലത് കാര്‍ഷിക സംസ്കൃതിയുടെ ഭാഗമാണ്. ഇവിടുത്തെ ഓണവില്ലുകള്‍ മനോഹാരിതകൊണ്ടു മാത്രമല്ല ശ്രദ്ധേയം. കവുങ്ങിന്റെ തടി പലകയായി അറുത്ത്, മുള കീറി ഞാണ് കെട്ടി, കൊട്ടുന്നതിനുള്ള ഒരു ചെറിയ കോല് സഹിതമുള്ള ഈ വില്ല് കാതിനും ഇമ്പമേകും. പൂവട്ടിയും മരക്കയിലും കടകോലും ഓണവില്ലുമെല്ലാം പണ്ട് തറവാട്ടു വീടുകളില്‍ ഉത്രാടത്തിന് കാഴ്ചയായി സമര്‍പ്പിക്കപ്പെട്ടിരുന്നു. പകരം ഓണപ്പുടവയും നെല്‍മണികളും പണവുമെല്ലാം ഇതെത്തിക്കുന്ന ആശാരിമാര്‍ക്ക് നല്കിപ്പോന്നു.
ഓണത്തിന് പ്രജകളെ കാണാനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളുടെയും വര്‍ണന പാടിക്കേള്പ്പിക്കുമെന്നാണ് വിശ്വാസം. അതിനുള്ള പശ്ചാത്തലസംഗീതമൊരുക്കാനാണ് എല്ലാ കൊല്ലവും ഓണവില്ല് നിര്‍മിക്കുന്നത്. കൂടെ ശ്രീരാമന്റെ ഒരു ഉപകഥകൂടി പറയുന്നു. പതിനാലുവര്ഷത്തെ വനവാസ കാലത്ത് കാട്ടിലൂടെ നടന്നു ക്ഷീണിച്ച രാമലക്ഷ്മണന്മാര് വിശ്രമിക്കാനായി ഒരു പാറയില്‍ ഇരുന്നു. വിശ്രമസമയം ശ്രീരാമന് തോളില്‍ ചാരിവച്ചിരുന്ന വില്ലില്‍ അമ്പുകൊണ്ട് താളമിടാന്തുടങ്ങി. മധുര സംഗീതം വില്ലില്‍ നിന്നൊഴുകാന്‍ തുടങ്ങി. ആകൃഷ്ടനായ ലക്ഷ്മണനും ഒപ്പംകൂടി. അങ്ങനെയാണ് വില്ല് ഒരു സംഗീതോപകരണം കൂടിയായതെന്നും ഐതിഹ്യമുണ്ട്. ചെണ്ടയുടെയും തായമ്പകയുടെയും മേളത്തോടാണ് ഈ വില്ലുകൊട്ടിന് കൂടുതല്‍ സാദൃശ്യം.
അതീവ വൈദഗ്ധ്യം വേണം ഓണവില്ല് നിര്‍മാണത്തിന്. മൂത്ത കവുങ്ങിന്പലക ചവിട്ടി വളച്ച് രണ്ട് മുട്ടുകളുള്ള മുളക്കഷണം പ്രത്യേകതരത്തില്‍ ഈര്‍ന്ന് മുറിച്ചാണ് ഓണവില്ലിന്റെ ഞാണ് കെട്ടുന്നത്. എന്നാലേ സ്വരം നന്നാവൂ. സരളവും ഗ്രാമീണവുമായ ഈ ചെറു വാദ്യോപകരണത്തില്‍ കൃത്യമായ സ്വരസ്ഥാനങ്ങളുണ്ട്. കൊട്ടുന്ന ചെറു വലുപ്പത്തിലുള്ള കോലുമുതല് കൈ പ്രത്യേക രീതിയില്‍ വളച്ചുപിടിക്കുന്നതു വരെ ശ്രുതി മധുരമാക്കുന്നതിന് പ്രധാനമെന്ന് മധു പറയുന്നു. ഓണമടുക്കുമ്പോള്‍ കുട്ടിയാത്തയും മധുവും അടങ്ങുന്ന കുടുംബം മുഴുവനും വില്ലുകളൊരുക്കുന്ന തിരക്കിലായിരിക്കും. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന മേളസപര്യ സംസ്കാരത്തിന്റെ വര്‍ത്തമാനസാക്ഷ്യമായി ഇന്നും മലബാറിലെ ഓണാഘോഷങ്ങളെ സമ്പന്നമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: