തിരുവനന്തപുരം: ജനങ്ങളില്‍ സ്വാഭിമാനവും സ്വാതന്ത്ര്യ ബോധവും വളര്‍ത്തുന്നതില്‍ സ്വാമി വിവേകാനന്ദന് നിര്‍വഹിച്ച പങ്ക് നിസ്തുലമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്.
അദ്ദേഹം നടത്തിയ പ്രബോധനങ്ങളുടെ തുടക്കം ചിക്കാഗോയില്‍ 1893 സപ്തംബറില്‍ നടന്ന ലോക സര്‍വമത സമ്മേളനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിക്കാഗോപ്രസംഗത്തിന്റെ 131-ാം വാര്‍ഷികം ആഘോഷിക്കുന്ന അതേ സപ്തംബറില്‍ തന്നെ പ്രതിപക്ഷനേതാവ് രാഹുല്‍ അമേരിക്കയില്‍ പോയി ദേശീയ സ്വാഭിമാനത്തിന് തുരങ്കം വയ്ക്കുന്ന പ്രചരണങ്ങള്് നടത്തുന്നു. ഇത് നിര്‍ഭാഗ്യകരമാണ്, സഞ്ജയന് പറഞ്ഞു. വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1857ലെ സ്വാതന്ത്ര്യ പ്രക്ഷോഭം അടിച്ചമര്‍ത്തിയ ബ്രിട്ടീഷുകാര്‍ ധരിച്ചത് ഇനി ഇത്തരമൊരു പ്രക്ഷോഭം ആവര്‍ത്തിക്കില്ല എന്നായിരുന്നു. എന്നാല്‍ ആ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ തന്നെ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറി. സര്‍വമത സമ്മേളനത്തിലെ സമാപന പ്രസംഗത്തില്‍ സ്വാമിജി ചൂണ്ടിക്കാട്ടിയ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. പവിത്രതയും വിശുദ്ധിയും ദീനാനുകമ്പയും ലോകത്തിലെ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുത്തകയല്ല. എല്ലാ സമ്പ്രദായങ്ങളും ഉദാത്തമായ ചാരിത്ര്യ സമ്പത്തുള്ള സ്ത്രീ പുരുഷന്മാരെ വളര്ത്തയിട്ടുണ്ട്. സ്വന്തം മതത്തിന്റെ മാത്രം അതിജീവനവും മറ്റുള്ളവരുടെ വിനാശവും സ്വപ്നം കാണുന്നവരെ കുറിച്ച് സഹതാപമാണുള്ളതെന്ന് സ്വാമിജി അഭിപ്രായപ്പെട്ടു, സഞ്ജയന് ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ മുന്‍കേന്ദ്ര മന്ത്രി ഓ.രാജഗോപാല്‍, ഡോ. പൂജപ്പുര കൃഷ്ണന് നായര്‍, വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ സിവി. ജയമണി, ജില്ലാ അധ്യക്ഷന്‍ കെ. വിജയകുമാരന്‍ നായര്‍, ഡോ. ലക്ഷ്മി വിജയന്, എസ്.രാജന് പിള്ള, ശശീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: