വനങ്ങളെ ഭൂമിയുടെ ശ്വാസകോശങ്ങളായിട്ടാണ് ആധുനിക ശാസ്ത്രം കണക്കാക്കുന്നത്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഏറ്റവും കുറഞ്ഞത്, ഒരു പ്രദേശത്തിന്റെ 33 ശതമാനമെങ്കിലും വനപ്രദേശമായിരിക്കണമെന്ന് ആധുനിക പഠനങ്ങള്‍ പറയുന്നു. വനചൂഷണം ആവോളം നടത്തിയ ബ്രിട്ടീഷുകാര്‍ തന്നെയാണ് ഭാരതത്തിലെ ആധുനിക വനനയത്തിന്റെ ശില്പികള് എന്നത് ഒരു വിരോധാഭാസമായിരിക്കാം. നമ്മുടെ പാരമ്പര്യമനുസരിച്ച് മൂന്നുതരം വനങ്ങളാണ് ഉള്ളത്. ഒന്ന്, മഹാവനം. അതിനിബിഢവനമാണിത്. ഭയ രഹിത ദേവനായ പരമശിവന്റെ ആവാസ കേന്ദ്രം. അതുകൊണ്ടു തന്നെ വനനശീകരണം ഒറ്റയും തന്നെ നടന്നിരുന്നില്ല.
രണ്ട്, തപോവനം. തപസ്സനുഷ്ഠിക്കുന്ന ഋഷിമാരുടെ താമസസ്ഥലം. അങ്ങോട്ടും സാധാരണക്കാര്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്നു.അതുകൊണ്ടവയും, സംരക്ഷിക്കപ്പെട്ടിരുന്നു.മൂന്നു, ശ്രീവനം. വന വിഭവങ്ങള്‍ക്കായി ആളുകള്‍ ആശ്രയിക്കുന്ന വനം.നമ്മുടെ പാരമ്പര്യമനുസരിച്ചു ഗ്രാമങ്ങള്ക്കുള്ളിലല്ല വനങ്ങള്‍, വനങ്ങള്‍ക്കുള്ളിലാണ് ഗ്രാമങ്ങള്‍. അപ്പോള്‍ എത്രമാത്രം പ്രാധാന്യമാണ് വനങ്ങള്‍ക്കു നല്‍കിയതെന്ന് നാം മനസ്സിലാക്കണം.വന നശീകരണമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.(State of the Forests in India, Report 2013).
ശാന്തിയാണ് ലക്ഷ്യം പ്രകൃതി ദേവതകളെ ശാന്തമാക്കാന്‍ നാല് വേദ വാക്യങ്ങളിലും ധാരാളം ശാന്തി മന്ത്രങ്ങളുണ്ട്.
‘സ്വസ്തി മിത്രാ വരുണാ
സ്വസ്തി പഥ്യേ രേവതി
സ്വസ്തി ന ഇന്ദ്രശ്ചാ ഗനിശ്ച
സ്വസ്തി നോ അദിതേ കൃധി’ (ഋഗ്വേദം, 5.51.14)
സൂര്യനും, ഊര്‍ജ്ജവും, ഭൂമിയും, ലൗകിക ശക്തികളും, സൃഷ്ടിയും, സംഹാരവും എല്ലാം ശാന്തിയേകട്ടെ.
മാത്രമല്ല, ഓം ശാന്തി: ശാന്തി: ശാന്തി: എന്ന് എല്ലാ മന്ത്രങ്ങളുടെയും അവസാനം ചൊല്ലുന്നത്, പരിപൂര്‍ണ ശാന്തിയെ കുറിക്കുന്നതാണ്. മാര്‍ക്കണ്ഡേയ പുരാണവും മത്സ്യപുരാണവും ആന്തരിക ശാന്തിയെയും, ബാഹ്യ ശാന്തിയെയും കുറിച്ച് പറയുന്നു. ശാന്തിയെന്നു പറഞ്ഞാല്‍ സമഭാവം എന്ന് സാരം. എല്ലാത്തിന്റെയും, സന്തുലിതാവസ്ഥ നിലനിര്‍ത്തുമ്പോള്‍ ശാന്തി ലഭ്യമാകുന്നു. എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍, ഓരോന്നിന്റെയും ശാന്തി ഉറപ്പാക്കേണ്ടതുണ്ട്. മാര്‍ക്കണ്ഡേയ പുരാണവും, മത്സ്യപുരാണവും, എല്ലാത്തരം ശാന്തിയെ കുറിച്ചും പറയുന്നു.
‘ഓം: ദ്യഔശാന്തിരന്തരീക്ഷം ശാന്തി:
പൃഥ്വീ ശാന്തി രാപ:
ശാന്തിരോഷധയ: ശാന്തി: വനസ്പതയ:
ശാന്തിര് വിശ്വേ ദേവാ:
ശാന്തിര് ബ്രഹ്മ ശാന്തി:
സര്‍വം ശാന്തി: ശാന്തിരേവ ശാന്തി:
സാ മാ ശാന്തി രേധി'(യജുര്‍ വേദം, 36.17)
സര്‍വ്വശാന്തി മന്ത്രമാണ് യജുര്‍ വേദത്തില്‍ പറഞ്ഞിരിക്കുന്നത്. നേരത്തെ വിവരിച്ച രീതിയില്‍ പഞ്ചഭൂതങ്ങളുടെയും സന്തുലിതാവസ്ഥയാണ് ശാന്തി. ഭൂതങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയില്‍, ഏതെങ്കിലും ഒരെണ്ണം അസന്തുലിതമായാല്‍ മറ്റെല്ലാത്തിനേയും അത് ബാധിക്കും. ഉദാഹരണത്തിന് വായുവിലെ കാര്‍ബണ്‍ ഡൈഓക്സൈഡ് ഘടകങ്ങളുടെ ഇടം കൂടിയാല്‍ അല്ലെങ്കില്‍ അളവ് വര്‍ധിച്ചാല്‍, മറ്റു ഹരിത ഗൃഹ വാതകങ്ങളോടൊപ്പം ചേര്‍ന്നുകൊണ്ട് അത് ഭൂപ്രതലങ്ങളില്‍ നിന്നുള്ള സൂര്യതാപത്തിന്റെ പ്രതിഫലനത്തെ തടഞ്ഞു നിര്‍ത്തി ചൂട് വര്‍ധിപ്പിച്ചുകൊണ്ട്, ഭൗമ താപനത്തിനു ഇടയാക്കും. ഭൗമ താപനം, ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികള്‍ ഉരുക്കിക്കൊണ്ടു സമുദ്ര വിതാനത്തെ ഉയര്‍ത്തും. മാത്രമല്ല, ഉയര്‍ന്ന താപനില കൂടുതല്‍ സമുദ്ര ജലത്തെ നീരാവിയാക്കി മേഘസ്ഫോടനത്തിലൂടെ മഴ വര്‍ധിപ്പിക്കും. ഫലമോ, വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ദുരന്തങ്ങളും. അപ്പോള്‍ ഏതെങ്കിലും ഘടകത്തിന്റെ ഇടത്തില്‍ ഒരു ഇടിവോ, വിടവോ വന്നാല്‍, അത്, അശാന്തിയാണ്. അതുകൊണ്ടു ആകാശവും, വായുവും,അഗ്നിയും, ജലവും, പൃഥ്വിയും, വനങ്ങളും, ചെടികളും, ദേവതകളും എല്ലാംഏകദേശ സന്തുലിതാവസ്ഥയില്‍ നിന്നുകൊണ്ട്, ശാന്തിയെ പ്രാപിച്ചാല്‍ മാത്രമേ സര്‍വ ശാന്തി ഉണ്ടാവുകയുള്ളൂ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: