സംസ്ഥാനതലത്തില്‍ സമഗ്രമായ ജലനയം ആദ്യമായി ആവിഷ്കരിച്ചത് കേരളമാണെന്നാണ് അവകാശവാദം. വര്‍ഷപാതാനുപാതം ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെങ്കിലും പ്രതീശീര്‍ഷ ഉപരിതല-ഭൂഗര്‍ഭജലത്തിന്റെ ലഭ്യത ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. നിമ്ന്നോന്നതമായ ഭൂതലം വര്‍ഷപാതത്തിലെ പരമാവധി അസ്ഥിരത, നദികളുടെ നീളക്കുറവ്, ഭൂപരമായും സസ്യവളര്‍ച്ച സംബന്ധമായുമുള്ള അതുല്യ സവിശേഷതകള്‍ ജനലവിനിയോഗത്തിലെ ശേഷിക്കുറവ്, ഉയര്‍ന്ന ജനസാന്ദ്രത തുടങ്ങിയ കാരണങ്ങള്‍ മൂലമൊക്കെയാണിത്. ഇതൊക്കെ കണക്കിലെടുത്തു തന്നെയാണ് കേരളത്തിനൊരു ജലനയം ആവിഷ്കരിച്ചത്. എന്ത് നയം ഉണ്ടെങ്കിലും കേരളത്തില്‍ വെള്ളംമുട്ടിക്കുന്ന നടപടികള്‍ മനപൂര്‍വമോ അല്ലാതെയോ നിരന്തരമുണ്ടാകുന്നു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടിയിട്ടും തിരുവനന്തപുരം കോര്പ്പറേഷന് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല എന്നു പരാതിയുണ്ട്. റെയില്‍പ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ അലൈന്മെന്റ് മാറ്റുന്ന പണികള്‍ക്കായി നഗരത്തിലേക്കുള്ള ജല വിതരണം നിര്‍ത്തിവച്ചതാണ് കുടിവെള്ള പ്രശ്നത്തിനു കാരണം. ജലക്ഷാമം നേരിടുന്നതില്‍ കോര്പ്പറേഷന് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരാജയപ്പെടുകയും ചെയ്തതോടെ വലയുകയാണ് ജനം. നഗരസഭയിലെ 33 വാര്‍ഡുകളില്‍ പൂര്‍ണമായും 12 വാര്‍ഡുകളില്‍ ഭാഗികമായും അഞ്ചു ദിവസമായി ശുദ്ധജലമില്ല.
സെക്രട്ടേറിയറ്റിലും കുടിവെള്ളം മുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ സെക്രട്ടേറിയറ്റിലെ മിക്ക ഓഫീസുകളിലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയായി. ടോയ്ലെറ്റുകളിലും ക്യാന്റീനുകളിലും വെള്ളം ലഭിച്ചില്ല. തിരുവനന്തപുരം നാഗര്‍കോവില്‍ പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗത്ത് നിന്നുള്ള ട്രാന്സ്മിഷന് പൈപ്പ് ലൈന്‍ അലൈന്മെന്റ് മാറ്റുന്ന പണി മൂലമാണ് സെക്രട്ടേറിയറ്റില്‍ അടക്കം ജലവിതരണം മുടങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് പ്രശ്നം പരിഹരിക്കാനാകുമെന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും ഞായറാഴ്ച രാത്രിയിലും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനായില്ല. കൂടാതെ അറ്റകുറ്റപ്പണിക്കായി അരുവിക്കരയിലെ ഒരു പ്ലാന്റ് താല്‍ക്കാലികമായി പൂട്ടിയതു ജനത്തിന്റെ ദുരിതം വര്‍ധിപ്പിച്ചു. ജലവിതരണ തടസ്സം സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് ജല അതോറിറ്റി നല്‍കിയില്ലെന്നും പരാതിയുണ്ട്. അരുവിക്കര പ്ലാന്റ് പമ്പിങ് പുനരാരംഭിച്ചെങ്കിലും പൈപ്പ് ലൈന്‍ അലൈന്മെന്റ് മാറ്റുന്ന ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. റെയില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കിള്ളിപ്പാലംസിഐടി റോഡ്, കുഞ്ചാലുംമൂട് എന്നിവിടങ്ങളിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.
അനിശ്ചിതമായി നീളുന്ന ഈ പ്രക്രിയമൂലം പലരും നാടുവിട്ടുപോകുന്ന സ്ഥിതിയായി. തിരുവനന്തപുരം നഗരവികസന പ്രവര്‍ത്തനം നടക്കുന്നതുമൂലവും പല സ്ഥലത്തും ദിവസങ്ങളോളം ജലവിതരണം മുടങ്ങി. വെള്ളമില്ലായ്മയുടെ കെടുതി അത് അനുഭവിച്ചവര്‍ക്കേ അറിയൂ. ഇതിനിടയിലാണ് കുപ്പിവെള്ളം വില്പനക്കാരുടെ കൊയ്ത്ത്. നഗരസഭയുടെ കുടിവെള്ള വിതരണവണ്ടികള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കതുകൊണ്ടൊന്നും പരിഹാരമുണ്ടായിട്ടില്ല. ഉത്സവകാലമായതോടെ ജലവിതരണം മുടങ്ങിയാല്‍ അതിന്റെ കെടുതി ഇരട്ടിയാണ്. മുറ്റത്ത് ഓണപ്പൂക്കള്‍ നിരക്കേണ്ട സമയത്താണ് പാത്രങ്ങളുമായി ജനങ്ങള്‍ കാത്തിരിക്കുന്ന കാഴ്ച. മെച്ചപ്പെട്ട ജലനയമുണ്ടെന്ന് പെരുമ്പറയടിക്കുന്നവര്‍ കാണാതെ പോകരുത് ജനത്തിന്റെ നെട്ടോട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: