ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഗണേശ്വരന്റെ പിറന്നാൾ ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്.
രാജ്യത്തുടനീളം ഗണപതിയെ പ്രതിഷ്ഠിക്കുന്നതിനായി മണ്ഡപങ്ങൾ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ എമ്മിഗനൂരിലാണ് ഇത്തവണ ഗണപതിയെ ഉഗ്രരൂപനായ നരസിംഹരൂപത്തിൽ പ്രതിഷ്ഠിക്കുന്നത്. കൊണ്ടവീതി പരിസരത്ത് ശ്രീ ബാലവിനായക യുവക മണ്ഡലിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 33 വർഷമായി വിനായക ചതുർത്ഥി ഉത്സവം നടന്നുവരുന്നു.
എല്ലാ വർഷവും ഇവിടെ പരിസ്ഥിതി സൗഹൃദ ഗണേശോത്സവമാണ് ആഘോഷിക്കുന്നത്. കളിമൺ വിഗ്രഹങ്ങളാണ് സാധാരണ ഇവിടെ പ്രതിഷ്ഠിച്ചിരുന്നത്. എന്നാൽ ഈ വർഷം ശ്രീശൈലം, അരുണാചലം, കാശി എന്നിവിടങ്ങളിൽ നിന്നുള്ള രുദ്രാക്ഷങ്ങൾ ഉപയോഗിച്ചാണ് ഗണപതി വിഗ്രഹം ഒരുക്കിയത് . 70 കിലോ രുദ്രാക്ഷങ്ങളാണ് ഇതിനായി വേണ്ടി വന്നത് . 41 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് 20 അടി ഉയരമുള്ള ശ്രീ ഉഗ്രനരസിംഹ സ്വാമിയുടെ രൂപത്തിൽ മഹാഗണപതിയെ നിർമ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: