കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട പിജി ഡോക്ടര്‍ക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ മുങ്ങി ബംഗാള്‍. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിവധ സംഘടനകളും പ്രദേശവാസികളുമുള്‍പ്പെടെ ആയിരങ്ങളാണ് ഇന്നലെ വിവിധയിടങ്ങളിലെ റാലികളില്‍ പങ്കാളികളായത്.
സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ക്വയറില്‍ നിന്ന് ആരംഭിച്ച റാലിയില്‍ നിരവധി പേര് പങ്കുചേര്‍ന്നു. ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും റാലിയല്ല സമൂഹിക മാധ്യമങ്ങളില്‍ കൂടി സംഘടിതമായെത്തിയവരാണെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. കൂടാതെ ഡോക്ടര്‍ക്ക് നീതി ആവശ്യപ്പെട്ട് ബിജെപി ധര്‍ണ ആരംഭിച്ചു. ശനിയാഴ്ച മുതല്‍ ആര്‍ജി കര് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച ടെലിമെഡിസിന്‍ സേവനത്തില്‍ ആദ്യ ദിവസംതന്നെ അഞ്ഞുറിലധികം രോഗികളെ പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ, ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഭയ ക്ലിനിക്കുകളും ഇന്നലെ പ്രവര്‍ത്തനമാരംഭിച്ചു. കൊല്‍ക്കത്തയുടെ തെരുവുകളിലാണ് ഡോക്ടര്‍മാര്‍ രോഗികള്‍ക്കായി ക്യാമ്പുകള്‍ ആരംഭിച്ചത്. നിരവധി രോഗികളാണ് ഇവിടെയത്തുന്നത്.
അതേസമയം, സംഭവത്തില്‍ ആര്‍ജി കര് മെഡിക്കല്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ വിവരം രക്ഷിതാക്കളെ അറിയിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ അറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ വ്യക്തത വരുത്താനാണ് സന്ദീപ് ഘോഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സന്ദീപ് ഘോഷുമായി ബന്ധപ്പെട്ടവര്‍ സെമിനാര്‍ ഹാളില്‍ ഉണ്ടായിട്ടു പോലും എന്തുകൊണ്ട് ഇയാളെ വിവരം അറിയിച്ചില്ല എന്നതാണ് സിബിഐയുടെ സംശയം. ആഗസ്ത് 9ന് രാവിലെ 9.30നാണ് ഡോക്ടറുടെ മൃതദേഹം സെമിനാര്‍ ഹാളില്‍ കണ്ടെത്തിയത്. പ്രിന്‍സിപ്പല്‍ 10.20നാണ് വിവരം അറിഞ്ഞതെന്നുമാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: