കണ്ണൂര്‍: പാര്‍ട്ടിയും പിണറായി വിജയനും കൈവിട്ട ഒരിക്കല്‍ സിപിഎമ്മിലെ രണ്ടാമത്തെ അധികാര കേന്ദ്രമായിരുന്നു കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന് ഇനി രാഷ്ട്രീയ വനവാസം. സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ഇ.പി. ജയരാജനെ പാര്‍ട്ടി അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.
പുറത്താക്കലിന് പരസ്യമായി നല്കുന്ന വിശദീകരണങ്ങള്‍ക്കപ്പുറം പാര്‍ട്ടിക്കകത്തുള്ള പടലപിണക്കങ്ങളാണ് ഇ.പി. ജയരാജന് എന്ന സിപിഎം നേതാവിന്റെ പുറത്ത് പോകലിന് കാരണം. എല്‍ഡിഎഫില്‍ തുടര്‍ ഭരണം ലഭിച്ച് പിണറായി മുഖ്യമന്ത്രിയായെങ്കിലും ജയരാജന് മന്ത്രിസഭയില്‍ രണ്ടാമൂഴമുണ്ടായില്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് മരണപ്പെട്ട സമയത്ത് ഇ.പി. ജയരാജന് സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും എല്ലാ കണക്കുകൂട്ടുകളെയും തെറ്റിച്ചുകൊണ്ട് എം.വി. ഗോവിന്ദനാണ് ആസ്ഥാനത്തേക്ക് വന്നത്. ഇതോടെയാണ് ജയരാജന് പൂര്‍ണ്ണമായും അതൃപ്തനായത്.
ഇപിക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന സ്ഥാനം നല്‍കിയിരുന്നുവെങ്കിലും കൃത്യമായി സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകാനോ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനോ അദ്ദേഹം തയ്യാറായില്ല. ഒരു ഘട്ടത്തില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് വരെ അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ഈ സമയത്തെല്ലാം പിണറായി വിജയന് ഇടപെട്ടാണ് അദ്ദേഹത്തെ അനുനയിപ്പിച്ച് വീണ്ടും പാര്‍ട്ടി സംവിധാനത്തില്‍ ഇരുത്തിയത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എം.വി. ഗോവിന്ദനുമായി ഒത്തുപോകുന്നതില്‍ പൂര്‍ണമായും വിമുഖത കാണിച്ച ഇ.പി. ജയരാജന് ഒരു ഘട്ടത്തിലും പാര്‍ട്ടി സംവിധാനങ്ങളിലേക്ക് തിരികെ വന്നില്ല.
ഒരേസമയം പാര്‍ട്ടിക്ക് അതീതനായും പാര്‍ട്ടിക്ക് വിധേയനായും മുന്നോട്ട് പോവുക എന്ന നിലപാടാണ് ഇ.പി. ജയരാജന് സ്വീകരിച്ചത്. വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിനും ചാക്ക് രാധാകൃഷ്ണനും ഫാരിസ് അബൂബക്കറുമെല്ലാം തന്നെ ജയരാജന്റെ അടുപ്പക്കാരായപ്പോള്‍ അത് വിവാദമാവുകയും ചെയ്തു. മന്ത്രിയായിരുന്നപ്പോള്‍ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതിയുടെ മകന് പി.കെ. സുധീറിനെ വ്യവസായ വകുപ്പിന്റെ പൊതുമേഖല സ്ഥാനത്തില്‍ എംഡിയായും സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരായും നിയമിച്ചത് വിവാദമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ വൈദേഹം എന്ന ആയുര്‍വേദ റിസോര്‍ട്ടിലെ ഇപിയുടെ ബന്ധുക്കളുടെ പങ്കാളിത്തവും വിവാദമായിരുന്നു. തുടര്‍ച്ചയായി വിവാദങ്ങളുണ്ടായപ്പോഴും ഇപിയുടെ കസേരയ്ക്ക് ഇളക്കം തട്ടിയില്ല.
എന്നാല്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായുള്ള പടലപിണക്കം രൂക്ഷമായത് ഇപിയെ പാര്‍ട്ടിക്കും അനഭിമതനാക്കി. തനിക്ക് രാഷ്ട്രീയ എതിരാളിയായി വളരാന്‍ സാധ്യതയുള്ള ഇ.പി. ജയരാജനെ പൂര്‍ണമായും ഒതുക്കുകയെന്ന എം.വി. ഗോവിന്ദന്റെ തന്ത്രം കൂടിയാണ് ഒരു പരിധിവരെ ഇവിടെ വിജയിച്ചിരിക്കുന്നത്. ഇനി ഗോവിന്ദനെ സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ശക്തരായ എതിരാളികള്‍ ഇല്ല എന്ന് തന്നെ പറയാം. കാരണം ജി. സുധാകരന്, തോമസ് ഐസക്ക്, എം.എ. ബേബി തുടങ്ങിയ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിറകോട്ട് പോയിക്കഴിഞ്ഞു. അവസാനത്തെ കടമ്പയായ ഇപി കൂടി മാറ്റി നിര്‍ത്തപ്പെടുന്നതോടെ പിണറായിക്കുശേഷം എം.വി. ഗോവിന്ദന്റെ ഒറ്റയാള്‍ പോരാട്ടമായിരിക്കും ഇനി കാണാന്‍ സാധിക്കുക.
നിലവിലെ സാഹചര്യത്തില്‍ ഇ.പി. ജയരാജന് ഇനി യൊരു തിരിച്ചുവരവ് അതിവിദൂര സ്വപ്നം മാത്രമാണ്. കാരണം 75 വയസ്സോടടുത്ത ഇ.പി. ജയരാജന് ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് വ്യക്തമാണ്. തളിപ്പറമ്പിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ സി.കെ.പി. പത്മനാഭന്റെ അതേ സാധ്യതകളിലേക്കും സാഹചര്യത്തിലേക്കുമാണ് ഇ.പി. ജയരാജനും വരാന്‍ പോകുന്നതെന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: