ന്യൂഡല്‍ഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) മുൻ നേതാവുമായ ചംപയ് സോറൻ ബിജെപിയില്‍ ചേർന്നു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഝാർഖണ്ഡ് ബിജെപി അദ്ധ്യക്ഷൻ ബാബുലാല്‍ മരന്ദി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു ചംപയ് സോറന്റെ ബിജെപി പ്രവേശനം.
റാഞ്ചിയിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു ചംപെയ് സോറന്റെ ബിജെപി പ്രവേശനം. ആയിരക്കണക്കിന് അനുയായികൾക്കൊപ്പമാണ് ചംപെയ് സോറൻ പാർട്ടിയിൽ ചേർന്നത്. ചംപെയ് സോറന്റെ മകൻ ബാബുലാൽ സോറനും ബിജെപിയിൽ ചേർന്നു.
സംസ്ഥാനത്തിന്റെ വികസനവും ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം മൂലം അപകടത്തിലാകുന്ന ആദിവാസികളുടെ നിലനിൽപ്പും ലക്ഷ്യമിട്ടാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് ചംപെയ് സോറൻ നേരത്തെ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെയെത്തിയ, ഹേമന്ത് സോറൻ മന്ത്രിസഭയില്‍ ചംപയ് സോറൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ശൈലിയും നയങ്ങളും പാർട്ടി വിടാൻ തന്നെ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 28നാണ് ചംപയ് സോറൻ ജെഎംഎം വിട്ടത്. എംഎല്‍എ സ്ഥാനവും മന്ത്രി സ്ഥാനവും രാജിവച്ചു.
श्री @ChampaiSoren जी का भाजपा परिवार में हार्दिक स्वागत। आप एक सक्षम नेता हैं, जिन्होंने केवल आदिवासियों के लिए नहीं, बल्कि पूरी झारखण्ड की सेवा की है। JMM-Cong वाले वंशवाद और भ्रष्टाचार में इतने लिप्त हैं कि वे कभी भी किसी कर्मठ आदिवासी या गरीब को… pic.twitter.com/uIBqd0C1yN
— Himanta Biswa Sarma (@himantabiswa) August 30, 2024
പാർട്ടിയില്‍ നിന്ന് രാജിവെച്ചാലും ഗോത്രവിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഒരു കുടുംബത്തെ പോലെ കരുതിയിരുന്ന ജെഎംഎമ്മില്‍ നിന്ന് പുറത്തുപോകുമെന്ന് സ്വപ്നത്തില്‍ പോലും താൻ കരുതിയിരുന്നില്ല. വേദനയോടെ ഈ തീരുമാനം എടുക്കാൻ തന്നെ നിർബന്ധിതനാക്കിയെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ഇഡിയുടെ അറസ്റ്റിലായതിനെ തുടർന്നാണ് ചംപയ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: