ന്യൂദല്‍ഹി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം മുതിര്‍ന്ന നേതാവുമായ ചംപയ് സോറന് 30ന് ബിജെപിയില്‍ ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയുള്ള ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ചംപയ് സോറന് ബിജെപിയില്‍ ചേരുന്ന കാര്യം ഹിമന്ത ബിശ്വശര്‍മ്മ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. റാഞ്ചിയില്‍ നടക്കുന്ന വലിയ പരിപാടിയിലൂടെ ചംപയ് സോറനും അനുയായികളും ബിജെപിയുടെ ഭാഗമായി മാറും. ഹേമന്ത് സോറന് മന്ത്രിസഭയില്‍ അംഗമായ ചംപയ് സോറന് ഇന്ന് മന്ത്രിസ്ഥാനവും ജെഎംഎം അംഗത്വവും രാജിവച്ചേക്കും. ഫെബ്രുവരി 2 മുതല്‍ ജൂലൈ 3 വരെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിപദം വഹിച്ച ചംപയ് സോറനെ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചുവന്ന ഹേമന്ത് സോറന് സ്ഥാനത്തു നിന്ന് നീക്കിയതോടെയാണ് ജെഎംഎമ്മിലെ ഭിന്നത രൂക്ഷമായത്. സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തിന്റെ നേതൃത്വം വഹിച്ച പട്ടികവര്‍ഗ നേതാവായ ചംപയ് സോറന് ഝാര്‍ഖണ്ഡിലുടനീളം വലിയ സ്വാധീനമാണുള്ളത്.
നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചംപയ് സോറന്റെ പാര്‍ട്ടി പ്രവേശനം ബിജെപിക്ക് വലിയ ശക്തിയാകും. ജെഎംഎമ്മിലെ ഭിന്നത സംസ്ഥാന സര്‍ക്കാരിനെയും ഗുരുതരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: