ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്): ചൈനയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് അരുണാചല്‍പ്രദേശിലെ അപകടസാധ്യതയുള്ള ഹിമാനികളെക്കുറിച്ച് ഭാരതം സര്‍വേ ആരംഭിച്ചു. ചരിത്രത്തിലാദ്യമായാണ് ഭാരതം ഇത്തരമൊരു സര്‍വേ നടത്തുന്നത്. അരുണാചലിനെ ഏറെ അപകടകരമായി ബാധിച്ചേക്കാവുന്ന പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് സര്‍വേ. അതിര്‍ത്തിയില്‍ ചൈന തര്‍ക്കങ്ങള്‍ ഉന്നയിക്കുന്ന പ്രദേശങ്ങളിലാണ് ഈ ഹിമ തടാകങ്ങള്‍.
ചൈനയുമായി 1,080 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍പ്രദേശിലെ തവാങ്, ദിബാങ് താഴ്വര ജില്ലകളിലാണ് ഇവ സ്ഥിതിചെയ്യുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഗ്ലേഷ്യര്‍ ലേക് ഔട്ട്ബര്‍സ്റ്റ് ഫ്ളഡ് (ജിഎല്‍ഒഎഫ്) മിഷന്റെ ഭാഗമായ സര്‍വേയിലൂടെ നിര്‍ണായകവും തന്ത്രപ്രധാനവുമായ ഈ പ്രദേശങ്ങളില്‍ മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കുന്നതിനുള്ള സാധ്യതകളാണ് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൗണ്ടനിയറിങ് ആന്‍ഡ് അഡ്വഞ്ചറിലെ വിദഗ്ധരുമായി ചേര്‍ന്നാണ് അരുണാചല്‍പ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്.
അരുണാചല്‍പ്രദേശിലെ അഞ്ച് ജില്ലകളിലായി കണ്ടെത്തിയ 27 എണ്ണത്തില്‍ തവാങ്, ദിബാങ് താഴ്വര ജില്ലകളിലെ മൂന്ന് ഹിമപാളികള്‍ വീതമാണ് സംഘം സര്‍വേ നടത്തുകയെന്ന് അരുണാചല്‍ പ്രദേശ് എസ്ഡിഎംഎ സെക്രട്ടറി ഡാനി സാലു പറഞ്ഞു.
14 അംഗ വിദഗ്ധ സംഘം 12 ദിവസത്തിനകം സര്‍വേ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ ഹിമാനി തടാകങ്ങളും അടയാളപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് കണക്കെടുപ്പിനെ സര്‍ക്കാര്‍ കാണുന്നത്. തെക്കന്‍ ടിബറ്റിന്റെ ഭാഗമായി ചൈന അവകാശപ്പെടുന്ന പ്രദേശങ്ങളിലാണ് തവാങ്ങും ദിബാങ് താഴ്വരയും സ്ഥിതിചെയ്യുന്നത്, അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകള്‍ എന്ന നിലയില്‍ ഇവിടെ നടത്തുന്ന സര്‍വേയ്ക്ക് വലിയ പ്രാധാന്യമാണ് കല്പിക്കുന്നത്.
യാര്‍ലുങ് സാങ്പോ നദിയിലെ വലിയ അണക്കെട്ട് ഉള്‍പ്പെടെയുള്ള ചൈനീസ് പദ്ധതികള്‍ ഹിമാലയന്‍ ആവാസവ്യവസ്ഥയിലും അരുണാചല്‍, ആസാം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും ഉണ്ടാക്കിയേക്കാവുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് സര്‍വേ. 2018ല്‍ ടിബറ്റിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: