പത്തനംതിട്ട: ഓട വിവാദത്തിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോർജ് ജോസഫിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗത്തിന് പാര്‍ട്ടിയുടെ താക്കീത്. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.കെ.ശ്രീധരനാണ് പാര്‍ട്ടി താക്കീത് നല്‍കിയത്. കടുത്ത നടപടി വേണമെന്ന ആവശ്യം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കം ഉന്നയിച്ചെങ്കിലും താക്കീതു മതിയെന്ന് നിലപാടെടുക്കുകയായിരുന്നു.
റോഡ് നിര്‍മ്മാണത്തിനിടെ മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ട് കടയുടെ മുന്നിലെ ഓടയുടെ ഗതി മാറ്റിയതായി ശ്രീധരന് മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ജോര്‍ജ് ജോസഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓട നിര്‍മാണത്തിന്റെ ഗതിമാറ്റിയെന്നാണ് ആരോപണം. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടപടിയെടുക്കണമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം ഇതിന് തയാറായിരുന്നില്ല.
ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊടുമണ്‍ പോലീസ് സ്റ്റേഷനു സമീപമുള്ള കെട്ടിടം. ഇത് സംരക്ഷിക്കാന്‍ സംസ്ഥാനപാതയുടെ ഓടയുടെ അലൈന്മെന്റില് മാറ്റം വരുത്തിയതായി കോണ്‍ഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ ഓട നിര്‍മാണത്തിന്റെ ഗതിമാറ്റിയാല്‍ റോഡിന്റെ വീതി കുറയുമെന്നായിരുന്നു ആക്ഷേപം. ഒടുവിൽ റോഡ് അളന്നുതിട്ടപ്പെടുത്തിയപ്പോൾ ജോർജ് ജോസഫ് കയ്യേറ്റം നടത്തിയിട്ടില്ലെന്നും ഓടയുടെ അലൈൻമെന്റ് മാറ്റിയിട്ടില്ലെന്നുമാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ.
അതേസമയം കോൺഗ്രസ് ഓഫീസ് കെട്ടിടം അനധികൃത നിർമ്മാണം നടത്തിയെന്നും റിപ്പോർട്ടിലുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: