ചാലക്കുടി: സംസ്ഥാന സര്‍ക്കാരിന്റെ സ്വഭാവ നടിക്കുള്ള ഈ വര്‍ഷത്തെ പുരസ്ക്കാരം പൊമ്പളൈ ഒരുമൈയിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രന് നേടി. രണ്ടാമതെ ചിത്രത്തിലൂടെയാണ് സംസ്ഥാന അംഗീകാരം നേടി ശ്രീഷ്മ ചാലക്കുടിക്ക് അഭിമാനമായത്.
കൊവിഡ് കാലത്ത് ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം മെയ് മാസത്തില്‍ സൈന ഒടിടി റീലീസ് ആയിരുന്നു.ഒരു വീട്ടമ്മയുടെ റോളിലെ മികച്ച അഭിനയമാണ് ശ്രീഷ്മക്ക് അവാര്‍ഡ് നേടി കൊടുത്തത്. സംശയ രോഗിയായ ഭര്‍ത്താവും അവരുടെ കുടുംബവും അടങ്ങുന്ന ചിത്രമാണ് പൊമ്പൈളെ ഒരുമൈ.
ചാലക്കുടി വ്യാസ വിദ്യാനികേതനിലും കൊടകര സരസ്വതി വിദ്യാനികേതനിലും എളമക്കര സരസ്വതി വിദ്യാനികേതനിലുമായിരുന്നു ശ്രീഷ്മയുടെ സ്കൂള്‍ വിദ്യാഭ്യാസം.
എറണാക്കുളം മഹാരാജാസ് കോളേജിലെ ഡിഗ്രി പഠന കാലമാണ് സിനിമയുമായി അടുപ്പിച്ചത്.അവിടെ വെച്ച് നാടകങ്ങളിലെ മികച്ച താരമായിരുന്നു. 2018ലെ ആദ്യ സിനിമയായ പൂമരത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ റോളായിരുന്നു.
രണ്ട് ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. വി.എസ്.സനോജിന്റെ അരിക്, വനിതകളുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന. ശിവരഞ്ജിനി സംവിധാനം ചെയ്യുന്ന വിക്ടോറിയ എന്നിവ.
കൊടകര അവിട്ടപ്പിള്ളി മാഞ്ഞൂക്കാരന്‍ ചന്ദ്രന്റേയും വനജയുടേയും മൂത്ത മകളാണ് ശ്രീഷ്മ.സഹോദരി ശ്രേയ കോളേജ് വിദ്യാര്‍ത്ഥിയാണ്.അമ്മയുടെ സഹോദരന്റെ വീട്ടില്‍ മുത്തശ്ശിയെ കാണന്‍ വരുന്ന വഴിയിലാണ് അവാര്‍ഡ് വിവരം അറിയുന്നത്.അവാര്‍ഡ് കിട്ടിയ സന്തോഷം പങ്കുവെക്കാന്‍ അതു കൊണ്ട് എല്ലാവരും ചാലക്കുടി ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സ് റോഡിലുള്ള അമ്മാവന്റെ വീട്ടിലായിരുന്നു.അവാര്‍ഡ് ലഭിച്ച ശ്രീഷ്മയെ നഗരസഭ ഇരുപത്തിമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
അവാര്‍ഡിന് ചിത്രം അയച്ചിട്ടുണെന്ന് അറിയാമെങ്കിലും ഒരിക്കലും അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീഷ്മ പറഞ്ഞു.സിനിമയില്‍ സജീവമാകാനാണ് ആഗ്രഹിക്കുന്നത്. പൊമ്പിളൈ ഒരുമയുടെ സംവിധായകന് വിബിന് ആറ്റ്ലിയാണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ചാലക്കുടിക്കാരന്‍ തന്നെയായ ശിവന് മേഘയാണ്. അദ്ദേഹവും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: