സെബി അധ്യക്ഷ മാധവി ബുച്ചിനെയും ഭര്‍ത്താവിനെയും അദാനിയെയും കൂട്ടിക്കെട്ടി ആരോപണം ഉന്നയിക്കുക വഴി ഇത്തവണ ഹിന്‍ഡന്‍ബര്‍ഗ് തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ഓഹരി വിപണിയെയാണോ? മോദി സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടമായി ചൂണ്ടിക്കാട്ടുന്ന ഒന്നാണ് ഓഹരിവിപണിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച. ഇതിനെ തകര്‍ത്താല്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ വലിയ കോലാഹലം ഉണ്ടാക്കാന്‍ സാധിക്കും. അതുവഴി രാഹുല്‍ ഗാന്ധിയ്ക്കും കൂട്ടര്‍ക്കും ഒരു തുരുപ്പുചീട്ട് എത്തിച്ചുകൊടുക്കുകയാണോ സെബി അധ്യക്ഷ മാധബി പുരി ബുച്ചിനും ഭര്‍ത്താവിനും എതിരെ ആരോപണം ഉയര്‍ത്തുക വഴി ഹിന്‍ഡന്‍ ബര്‍ഗ് ലക്ഷ്യമിടുന്നത്?
വസ്തുതകളൊന്നിമില്ലെങ്കിലും കുറച്ചുനാള്‍ ആരോപണത്തിന്റെ പുകമറയില്‍ സെബിയെയും അദാനിയെയും വീണ്ടും നിര്‍ത്താന്‍ ഹിന്‍ഡന്‍ബര്‍ഗിന് സാധിക്കും. നാളെ മുതല്‍ രാഹുല്‍ഗാന്ധിയും കൂട്ടരും സെബിയ്ക്കും അധ്യക്ഷയ്ക്കും അദാനിയ്ക്കും എതിരെ ഇറങ്ങുമെന്ന് ഉറപ്പ്.
കഴിഞ്ഞ ദിവസം ആഗോള യുദ്ധസാഹചര്യവും എണ്ണവിലക്കയറ്റവും അമേരിക്കയിലെ തൊഴില്‍ പ്രതിസന്ധിയും എല്ലാം മൂലം വലിയൊരു തകര്‍ച്ചയെ നേരിട്ടശേഷം ഇന്ത്യന്‍ ഓഹരി വിപണി മെല്ലെ ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് ഹിന്‍ഡന്‍ ബര്‍ഗ് മറ്റൊരു ഭീഷണിയുമായി ഇറങ്ങിയിരിക്കുന്നത്.
ഇനിയും ഹിന്‍ഡന്‍ബര്‍ഗിനെ കേന്ദ്രസര്‍ക്കാരിന് കര്‍ശനമായ നടപടികളിലൂടെ തളയ്ക്കാനായില്ലെങ്കില് ഭാവിയിലും ഇതുപോലുള്ള തലവേദനകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. സെബി അധ്യക്ഷ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിക്കമ്പനികളിലേക്ക് പണം നിക്ഷേപിക്കുന്ന വിദേശക്കമ്പനികളില്‍ നിക്ഷേപമെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ഒരു ആരോപണം. അദാനിയുടെ വിവിധ കമ്പനികളില്‍ പണം മുടക്കുന്ന ബെര്‍മുഡയിലേയും മൗറീഷ്യസിലെയും കടലാസ് കമ്പനികളില്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ അധ്യക്ഷ മാധവി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നാണ് ആരോപണത്തിന്റെ കാതല്‍.
മുന്‍പും അദാനിക്കമ്പനികള്‍ക്കെതിരെ ഉയര്‍ത്തിയ ഒരു ആരോപണം പോലും തെളിയിക്കാന്‍ കഴിയാത്ത ഹിന്‍ഡന്‍ബര്‍ഗിന് ഇനിയും ആരോപണം ഉന്നയിക്കാന്‍ എന്ത് അവകാശമാണുള്ളത്, നിയമാധികാരമാണ് ഉള്ളത് എന്ന ചോദ്യം അവശേഷിക്കുകയാണ്. നേരത്തെ ലോക് സഭാ തെരഞ്ഞെടുപ്പ് ദിവസം ഓഹരി വിപണി തകര്‍ന്നതിന് കാരണക്കാരന്‍ മോദിയാണെന്ന് ആരോപിച്ച വിഡ്ഡിയാണ് രാഹുല്‍ ഗാന്ധി. നാളെ അദ്ദേഹം വീണ്ടും മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെതിരെ ചെളിവാരിയെറിയാന്‍ മടിക്കില്ല. ഇത് തന്നെയാണ് ഹിന്‍ഡന്‍ബര്‍ഗിനും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിനും വേണ്ടത്. ഇന്ത്യയുടെ വിശ്വാസ്യത തകര്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: