ന്യൂദൽഹി: ബംഗ്ലാദേശ് പ്രതിഷേധത്തെക്കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെ വിമർശിച്ച് ബിജെപി എംപി അനുരാഗ് താക്കൂർ. രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും ഇത് പാർട്ടിയുടെയും നേതാക്കളുടെയും മാനസികാവസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തുടർച്ചയായി മൂന്ന് തവണ തോൽവി നേരിടുന്ന കോൺഗ്രസ് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്തെ പഴയ കാലത്തിലേക്ക് തിരികെ കൊണ്ടുപോകാൻ അവർക്ക് എന്തും ചെയ്യാം. കോൺഗ്രസ് നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ പാർട്ടിയുടെയും നേതാക്കളുടെയും മാനസികാവസ്ഥയാണ് വ്യക്തമാക്കുന്നത്. എനിക്ക് കോൺഗ്രസിനോട് ചോദിക്കണം സൽമാൻ ഖുർഷിദിന്റെ ഈ പ്രസ്താവനയോട് അവർ യോജിക്കുന്നുണ്ടോ? താക്കൂർ പറഞ്ഞു.
അതേസമയം, ബംഗ്ലാദേശിൽ പോലുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾ ഇന്ത്യയിൽ സാധ്യമാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞതായി റിപ്പോർട്ട് ചെയ്തത് കൂടുതൽ വിവാദങ്ങൾക്കാണ് ഇടവരുത്തിയത്. എന്നാൽ ഞാൻ പറയുന്നതെന്തും ഞാൻ പരസ്യമായി പറയും, ഒരിക്കലും സ്വകാര്യമായിട്ടല്ലെന്നാണ് പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞത്.
അതേ സമയം സൽമാൻ ഖുർഷിദിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ബംഗ്ലാദേശ് വിഷയത്തിൽ തങ്ങൾ ഇന്ത്യൻ സർക്കാരിനൊപ്പം നിൽക്കുന്നുവെന്നാണ് കോൺഗ്രസ് പറയുന്നത് എന്നാൽ തങ്ങളുടെ നേതാവ് സൽമാൻ ഖുർഷിദ് പ്രകോപിപ്പിക്കാൻ ശ്രമിച്ചുവെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു.
കോൺഗ്രസ് പാർട്ടി രാഷ്ട്രനീതിക്ക് മുകളിൽ രാജനീതി ഉയർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനാണോ സൽമാൻ ഖുർഷിദ് ശ്രമിക്കുന്നത്? സൽമാൻ ഖുർഷിദ് ഇന്ത്യൻ സായുധ സേനയെ തകർക്കാൻ ശ്രമിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
അതേ സമയം ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രവർത്തനം തുടരുകയാണെന്ന് അറിയിക്കുകയും അവിടെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: