മഞ്ചേരി: മരണത്തിന്റെ വികൃത മുഖം ഇത്ര അടുത്തുകണ്ടത് മഞ്ചേരി മെഡി. കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. ഹിതേഷ് ശങ്കറും സഹായികളും. അങ്ങകലെ വയനാട്ടില്‍ ഉരുള്‍പൊട്ടിയപ്പോള്‍ ഇങ്ങു മലപ്പുറത്ത് ചാലിയാര്‍ പുഴയിലൂടെ ഒഴുകി വന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത് മഞ്ചേരി മെഡി. കോളജിലാണ്, നേതൃത്വമേകിയത് ഡോ. ഹിതേഷും. 144 മൃതദേഹങ്ങള്‍ വ്യാഴാഴ്ച വൈകിട്ടുവരെ പോസ്റ്റ്മോര്‍ട്ടം നടത്തി. കേരളത്തില്‍ ഇത് ചരിത്രമാകാം.
ഡോക്ടര്‍ പറയുന്നത്: 144 പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ പത്തെണ്ണം മാത്രമാണ് പൂര്‍ണ ശരീരമായുണ്ടായത്. എത്തിച്ചവയില്‍ ഭൂരിഭാഗം പേരുടെയും വായിലും ശ്വാസനാളത്തിലും വയറ്റിലുമൊക്കെ മണ്ണും ചെളിയും കയറിയിരുന്നു. കണ്ടുകിട്ടിയവ തന്നെ ഏറെ കേടുപാടുകള്‍ പറ്റിയവ. അവയവങ്ങള്‍ നഷ്ടമായവ, ആന്തരാവയവങ്ങളില്ലാത്തവ… കേരളം കണ്ടതില്‍ ഏറ്റവും വലിയ ദുരന്തത്തിന്റെ ബാക്കി. ഡോ. ഹിതേഷ് കുമാറിന്റെയും സംഘത്തിന്റെയും റിപ്പോര്‍ട്ടുകളിലെല്ലാം മരണ കാരണം ശ്വാസംമുട്ടി, ശ്വാസകോശത്തില്‍ വെള്ളംകയറിയുള്ള മരണമെന്നാണ്. മരിച്ച ശേഷം കുത്തൊഴുക്കില്‍പ്പെട്ടപ്പോഴാകണം മൃതദേഹങ്ങള്‍ ഇത്രത്തോളം തകര്‍ന്നത്.
ഡോക്ടര്‍ പറയുന്നത് മനസ്സു മരവിപ്പിക്കുന്ന സംഭവങ്ങളാണ്. മുന്നില്‍ കിട്ടിയ മൃതദേഹങ്ങളില്‍ 40 എണ്ണത്തിന് തലയില്ലായിരുന്നു. ചിലതില്‍ ഉടലുകളും കൈകാലുകളും വേര്‍പെട്ടിരുന്നു. ശരീര ഭാഗങ്ങള്‍ മാത്രമായി കിട്ടിയവ വേറേ പോസ്റ്റ്മോര്‍ട്ടം ചെയ്തു. പാറക്കെട്ടുകളിലും കല്ലുകളിലും മറ്റും തട്ടി കൈകാലുകള്‍ വേര്‍പെട്ടതാകണം. എല്ലുകളും പേശികളും വേര്‍പെട്ട് തോലു മാത്രമായും ചാലിയാറില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ശരീരം സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് തിരിച്ചറിയാന്‍ പോലും ചിലപ്പോള്‍ സാധിച്ചില്ല. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ക്ഷണം ജീവന് പോയിട്ടുണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനാല്‍ ഒരുപാടു വേദന അനുഭവിച്ചിട്ടുണ്ടാകാനിടയില്ല.
ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന രൂപത്തില്‍ തുന്നിച്ചേര്‍ക്കലായിരുന്നു അതീവ ദുഷ്കരം. ജനിതക പരിശോധന നടത്തിയാണ് പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്. ഡിഎന്‍എ ലഭിച്ചവയാണ് രേഖകള്‍ തയാറാക്കി ബന്ധുക്കള്‍ക്ക് കൈമാറുക. അല്ലാത്തവ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നു. ചിലരൊക്കെ അണിഞ്ഞ ആഭരണങ്ങള്‍ കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ക്ലിപ്പിട്ട പല്ലുകളും ടാറ്റൂ ചെയ്ത കൈകളും കണ്ട് ഉറ്റവരെ തിരിച്ചറിഞ്ഞവരുണ്ട്. ഡോക്ടറുടെ രണ്ടു നിര്‍ദേശങ്ങള്‍ അധികൃതര്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്.
ഒന്ന്: ദുരന്ത നിവാരണ സംഘത്തോടൊപ്പം പരിചയ സമ്പന്നരായ ഫോറന്‍സിക് വിദഗ്ധരും വേണം. രണ്ട്: പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: