പാലക്കാട്: അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാരായണീയ മഹോത്സവത്തിന്റെ ഭാഗമായുള്ള ശതകോടി നാരായണാര്ച്ചനക്ക് മുന്നോടിയായി തുളസിവിത്ത് വിതരണം മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി നിര്‍വഹിച്ചു. ആദ്യവിത്ത് അമ്പാടി സതീശന് ഏറ്റുവാങ്ങി.
സപ്തം. 22 മുതല്‍ 29 വരെ കൊല്ലങ്കോട് ഗായത്രി മണ്ഡപത്തിലാണ് മഹോത്സവം. വടക്കന്തറ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടന്ന പരിപാടി സമിതി സംസ്ഥാന അധ്യക്ഷന്‍ മാങ്ങോട് രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയര്മാന് ഹരിമേനോന്‍ ചാമപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിയുടെ അനുഗ്രഹാശിസുകളോടെ ഏറ്റുവാങ്ങിയ തുളിസിവിത്ത് മേഖലാസമിതികള്‍ വീടുകളിലേക്ക് വിതരണം ചെയ്യും. ആഗസ്ത് 12ന് സ്വന്തം വീട്ടില്‍ തുളസി വിത്ത് പാകി മന്ത്രാര്ച്ചനക്ക് തുടക്കമാകും. 10,000 നാരായണീയര്‍ ദിവസവും 1008 വീതം 41 ദിവസം നാരായണ മന്ത്രം ജപിച്ച് ശതകോടി മന്ത്രാര്‍ച്ചന നടത്തും.
കൊല്ലങ്കോട് നടക്കുന്ന മഹോത്സവത്തില്‍ ഈ തുളസിച്ചെടിയുമായാണ് അവരെത്തുക. പാരായണത്തിനുശേഷം തുളസികല്യാണവും ഉണ്ടായിരിക്കും. ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും സ്വാഗതസംഘം ജന. കണ്‍വീനര്‍ എ.സി. ചെന്താമരാക്ഷന് പദ്ധതി വിശദീകരണവും നടത്തി.
നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്, ഡോ. നന്ദകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.പി. ശശിധരന്, ജില്ലാ പ്രസിഡന്റ് സതീഷ് മേനോന്, വടക്കന്തറ ക്ഷേത്രം ട്രസ്റ്റി അച്യുതാനന്ദന്, ഗോപിനാഥ് ആമയൂര്‍, പി. കണ്ണന്‍കുട്ടി, വി.പി. രവീന്ദ്രന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: