മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാമത്തെ പൊതു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന് പുതിയ പ്രതീക്ഷകള്‍ നല്‍കിയിരിക്കുകയാണ്. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാതെയും, സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിടുന്നതും, സാമൂഹ്യക്ഷേമം ഉറപ്പുവരുത്തുന്നതുമായ ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാക്കാനാവും. വാഗ്ദാനങ്ങള്‍ കോരിച്ചൊരിയാതെയും, സ്ഥിതിവിവര കണക്കുകളുടെ വിക്രിയകള്‍ കാണിക്കാതെയും രാജ്യത്തിന്റെ വികസനം മുന്നോട്ടു നയിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി ചൂണ്ടിക്കാണിച്ചതുപോലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണം ലഭിക്കുന്നതും, വികസിത ഭാരതത്തിന് അടിത്തറയൊരുക്കുന്നതുമാണ് ഈ ബജറ്റ്. ഗ്രാമീണരെയും പാവപ്പെട്ടവരെയും കര്‍ഷകരെയും യുവാക്കളെയും അടിയന്തരമായി വലിയ തോതില്‍ സഹായിക്കുന്ന പദ്ധതികളാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. വനിതകള്‍ക്ക് വലിയ ആനുകൂല്യം നല്‍കുകയും, വികസനത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. അടുത്ത കുറച്ചുവര്‍ഷത്തിനുള്ളില്‍ ഭാരതത്തെ ആഗോളതലത്തില്‍ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കി മാറ്റുന്നതിന് ഈ ബജറ്റ് രാസത്വരകമായി വര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രതീക്ഷ അസ്ഥാനത്താവില്ല. രാജ്യത്തെ ജനങ്ങള്‍ മൂന്നാമതും അധികാരത്തിലേറ്റിയിരിക്കുന്ന ബിജെപി തെരഞ്ഞെടുപ്പില്‍ ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയിരുന്നു. ഇത് യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യം ബജറ്റിലുണ്ട്. പ്രകടനപത്രികയില്‍ പറയുന്നത് വെറും വാക്കല്ലെന്ന് മോദി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്.
സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് മനസ്സില്‍ വച്ചുകൊണ്ട് എല്ലാവര്ക്കും ചിലതൊക്കെ ലഭിക്കുന്നു എന്നത് ഈ ബജറ്റിന്റെ സവിശേഷതയാണ്. വാചകമടികള്‍കൊണ്ട് ജനങ്ങളെ കബളിപ്പിക്കാതെ സല്‍ഭരണം ഉറപ്പുവരുത്താനുള്ള ശ്രമമാണ് ബജറ്റില്‍ നടത്തിയിരിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നി
ര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിലേറെയും കാര്‍ഷിക മേഖലയിലുമാണ്. കാര്‍ഷിക മേഖലയില്‍നിന്ന് നിര്‍മാണ മേഖലയിലേക്കും ജനങ്ങള്‍ മാറേണ്ടതുണ്ട്. ഇങ്ങനെയൊരു താല്‍പ്പര്യം ബജറ്റ് പ്രകടിപ്പിക്കുന്നതായി കാണാം. ഇരുപത്തിയഞ്ച് ലക്ഷം യുവതീയുവാക്കളുടെ നൈപുണ്യവികസനം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്കൊപ്പം സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്. പത്ത് ലക്ഷമായിരുന്ന മുദ്ര വായ്പയുടെ പരിധി ഇരുപത് ലക്ഷമായി വര്‍ധിപ്പിച്ചത് തൊഴില്‍ സംരംഭങ്ങളുടെ ഒരു കുതിച്ചുചാട്ടം തന്നെയുണ്ടാക്കും. 30 കോടി സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണഭോക്താക്കളാവാന്‍ കഴിയും. മുദ്ര വായ്പയ്ക്കുവേണ്ടി 100 കോടി രൂപ മാറ്റിവച്ചിരിക്കുന്നത് ചെറുകിട സംരംഭകരുടെ ക്ഷേമത്തിലുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യമാണ് പ്രകടമാകുന്നത്. വാഗ്ദാനങ്ങളിലൂടെ മാത്രം വികസനം വരില്ലെന്നും, വ്യക്തമായ പദ്ധതികളും വകയിരുത്തലുകളും ഇതിന് ആവശ്യമാണെന്നുമുള്ള മോദി സര്‍ക്കാരിന്റെ നയമാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്.
ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തിയത് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഗുണകരമാവുകയും, വിപണിയില്‍ പണമെത്തുകയും ചെയ്യും. മൂന്നരലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായനികുതി അടയ്ക്കേണ്ടതില്ല. പിന്നീടുള്ള സ്ലാബുകളില്‍ നികുതി നിരക്ക് കുറച്ചിട്ടുമുണ്ട്. കസ്റ്റംസ് തീരുവയില്‍ ഇളവു വരുത്തിയിരിക്കുന്നത് കാന്‍സര്‍ മരുന്നുകളുടെയും മൊബൈല്‍ ഫോണുകളുടെയും വില വലിയ തോതില്‍ കുറയ്ക്കും. സ്വര്‍ണം, വെള്ളി, തുകലുല്‍പ്പന്നങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലയും കുറയും. മൂന്നാം മോദി സര്‍ക്കാര്‍ ഉടന്‍ താഴെ വീഴണമെന്ന് ആശിക്കുന്ന നാശത്തിന്റെ പ്രവാചകര്‍ ബജറ്റ് അവതരണത്തിനു മുന്‍പുതന്നെ ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചിരുന്നു. ബജറ്റിലെ ബീഹാറിലും ആന്ധ്രയ്ക്കും മറ്റും ബാധകമാകുന്ന ചില പ്രഖ്യാപനങ്ങള്‍ ഇക്കൂട്ടരെ നിരാശപ്പെടുത്തിയിരിക്കുന്നത് സ്വാഭാവികം. കേരളത്തിന് ബജറ്റില്‍ ഒന്നും കിട്ടിയിട്ടില്ലെന്നാണ് ‘ഇന്‍ഡി’ എംപിമാര്‍ ആവലാതിപ്പെടുന്നത്. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാതെയും തുക വകമാറ്റിയും രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് കേരളത്തിന് പാക്കേജില്ലെന്ന് പരാതിപ്പെടാന്‍ ധാര്‍മികമായി അവകാശമില്ല. ഇതൊരു പൊതു ബജറ്റാണെന്ന വസ്തുത ഇക്കൂട്ടര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള പല പദ്ധതികളും കേരളത്തിന് വന്‍തോതില്‍ ഗുണം ചെയ്യും. സിപിഎമ്മിന്റെ പാര്‍ട്ടി ഫണ്ടിലേക്ക് പണം മാറ്റാവുന്നവിധത്തിലുള്ള പാക്കേജുകളൊന്നും കേരളത്തിനുവേണ്ടി പ്രഖ്യാപിച്ചിട്ടില്ലെന്നതു നേരാണ്. ഏഴ് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ബജറ്റുകളില്‍നിന്ന് കേരളത്തിന് മഹത്തായ എന്ത് നേട്ടമാണുണ്ടായിട്ടുള്ളത്? ഇവര്‍ കേന്ദ്ര ബജറ്റിനെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: